- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിൽ ചേക്കേറിയ വിമത നേതാവ് അഡ്വ.മുഹമ്മലി ഒരു ചലനവും സൃഷ്ടിക്കില്ല; അഡ്വ.കെ.മുഹമ്മദലിയെ എല്ലാസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ

കണ്ണൂർ: സിപിഎമ്മിലേക്ക് മാറിയ മുസ്ലിം ലീഗ് നേതാവായിരുന്ന പേരാവൂരിലെ അഡ്വ.കെ.മുഹമ്മദലി ഒരുചലനവും സൃഷ്ടിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക രാഹിത്യത്തിന്റെയും പേരിൽ മാസങ്ങൾക്ക് മുൻപ് തന്നെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ട രാഷ്ട്രീയ ഭിക്ഷാംദേഹിയാണ് മുഹമ്മദലി. സ്വന്തം നാട്ടിലോ മണ്ഡലത്തിലോ ഒരു ചലനവും ഇദ്ദേഹത്തിന് മുസ്ലിം ലീഗിനെതിരെ സൃഷ്ടിക്കുവാൻ കഴിയില്ലെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അച്ചാരം വാങ്ങി ഐക്യജനാധിപത്യ മുന്നണിയുടെ സ്പിരിട്ടിനെതിരായി പ്രവർത്തിക്കുകയും പ്രചരണം നടത്തുകയും ഇരിട്ടി നഗരസഭയിൽ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുവാൻ ചരട് വലിക്കുകയും ചെയ്തതിന്റെ പേരിൽ ഇയാൾക്കെതിരെ ജില്ലാ കമ്മറ്റി രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടി എടുക്കുകയും മുഹമ്മദലിയെ പാർട്ടിയുടെ എല്ലാ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നതുമാണ്. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച് സംഘടനാ രംഗത്ത് തന്നെ നിഷ്‌ക്രിയനായ ഇയാൾ പുതിയ മേച്ചിൽപുറം തേടിയതിൽ അത്ഭുതപ്പെടാനില്ല.ബിജെപി.ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളിലും ഭാഗ്യാന്വേഷണം നടത്തിയ ഇദ്ദേഹം ഇപ്പോൾ ചേരേണ്ടിടത്ത് ചേർന്നുവെന്നേയുള്ളൂ.
മുസ്ലിം ലീഗ് നേതാക്കൾക്കും സംഘടനയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുന്നയാൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുന്നത് സൂക്ഷിച്ചു വേണമെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ലീഗ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് ലീഗ് സംസ്ഥാന കൗൺസിൽ അംഗമെന്ന് അവകാശപ്പെടുന്ന അഡ്വ. കെ.മുഹമ്മദലി സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്. മുസ്ലിംലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മുഹമ്മദലി നിലവിൽ സംസ്ഥാനകൗൺസിലിലും ജില്ലാ പ്രവർത്തകസമിതിയിലും അംഗമാണ്.
സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിയ മുഹമ്മദലിയെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പുരുഷോത്തമൻ, ടി കെ ഗൊവിന്ദൻ എന്നിവർ പങ്കെടുത്തു.തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുസ്ലിം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
അനധികൃത പണം കുന്നുകൂടുമ്പോൾ കട്ടിലിനടിയിലും ക്ലോസറ്റിലും വ്യാജ അക്കൗണ്ടിലും സൂക്ഷിക്കുന്നവരായി ലീഗ് നേതൃത്വം മാറിയെന്ന് മുഹമ്മദലി പറഞ്ഞു. താനറിയാതെ തന്റെ പേരിൽ മലപ്പുറം എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 8,80137 രൂപ നിക്ഷേപിച്ചതായി മനസിലായി. പരേതനായ ലീഗ് നേതാവ് അബ്ദുൾ ഖാദർ മൗലവി ഉൾപ്പെടെ കണ്ണൂരിലെ 12 ആളുകളുടെ പേരിലാണ് എആർ ബാങ്കിൽ നിക്ഷേപമുള്ളത്.
കണ്ണൂരിൽ ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഫൈസി എന്നപേരുള്ള ഒരാൾ ജില്ലാ പ്രസിഡന്റായിട്ടില്ല. എന്നാൽ ലീഗ് ജില്ലാ പ്രസിഡന്റ് ഫൈസി എന്ന പേരിലാണ് നിക്ഷേപമുള്ളത്. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ലക്ഷക്കണക്കിന് രൂപയുടെ മണൽക്കടത്ത് കേസിൽ വിജിലൻസ് അന്വേഷണം നേരിടുകയാണെന്നും മുഹമ്മദലി ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തുവന്നത്.


