- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ യു.എസ്.-ഇന്ത്യ സഹകരണം വിപുലപ്പെടുത്തണമെന്ന് യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ
കേരളത്തിലെ തങ്ങളുടെ പങ്കാളികളുമായി ചേർന്നുള്ള യു.എസ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അമേരിക്കയിലെ വിദ്യാഭ്യാസ, ഗവേഷണ, എക്സ്ചേഞ്ച് അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമായി യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ദേശാതിർത്തികളെയും മാനിക്കുന്ന സ്വതന്ത്രവും, സുതാര്യവും, സുരക്ഷിതവും, സമൃദ്ധവുമായ ഇൻഡോ-പസഫിക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒത്തൊരുമിച്ചുള്ള ശ്രമങ്ങൾ ഉയർത്തി കാണിക്കുവാൻ കോൺസുൽ ജനറൽ റേവിൻ ഈ അവസരം ഉപയോഗിച്ചു. യുക്രൈനിന് നേരെയുള്ള റഷ്യയുടെ യുദ്ധത്തിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും ആഗോള സമാധാനത്തിന് എതിരെ ഭീഷണി ഉയരുന്നതും ചൂണ്ടിക്കാട്ടിയ കോൺസുൽ ജനറൽ റേവിൻ യുക്രൈൻ ജനതയോടുള്ള അമേരിക്കയുടെ ഐക്യദാർഢ്യം അടിവരയിട്ട് പറഞ്ഞു.
തിരുവനന്തപുരത്തെത്തിയ കോൺസുൽ ജനറൽ റേവിൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെ സന്ദർശിച്ചു. തുടർന്ന് കൊച്ചിയിലെത്തിയ കോൺസുൽ ജനറൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അവിടെ കൂടിക്കാഴ്‌ച്ച നടത്തി.
കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ ''പർസ്യൂട് ഓഫ് എക്‌സലൻസ്'' പ്രഭാഷണ പരമ്പരയുടെ ഭാഗമായി വിദ്യാർത്ഥികളോട് സംസാരിച്ച കോൺസുൽ ജനറൽ റേവിൻ പൊതു മൂല്യങ്ങളെക്കുറിച്ചും ഉരുത്തിരിഞ്ഞു വരുന്ന ആഗോള വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയും യുക്രൈൻ വിഷയത്തിൽ യു.എസ്. ഗവൺമെന്റിന്റെ നിലപാട് ഊന്നിപ്പറയുകയും ചെയ്തു: 'റഷ്യൻ പ്രസിഡന്റ് പുടിൻ ഈ യുദ്ധം അവസാനിപ്പിക്കണം, അക്രമം അവസാനിപ്പിക്കണം, യുക്രൈനിയൻ പ്രദേശത്ത് നിന്ന് റഷ്യയുടെ സേനയെ നീക്കം ചെയ്യണം, നയതന്ത്രത്തിന്റെ പാത സ്വീകരിക്കണം.'
കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശിച്ച കോൺസുൽ ജനറൽ റേവിൻ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചുമായി (സി.പി.പി. ആർ.) അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെക്കുറിച്ച് മനസിലാക്കിയ കോൺസുൽ ജനറൽ ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗങ്ങളിലെ യു.എസ്. പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുകയും നിയമവിരുദ്ധവും, റിപ്പോർട്ട് ചെയ്യപ്പെടാത്തതും, അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിനെതിരെ പോരാടുന്ന യു.എസ്. പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു.
''ക്‌ളീൻ എനർജി'' പ്രോത്സാഹിപ്പിക്കുകയെന്ന യു.എസ്.-ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ ആലപ്പുഴയിലെ തവണക്കടവിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ഫെറിയിൽ ''നവ്ആൾട് ബോട്ട്‌സ്'' കമ്പനി സിഇഒയും യു.എസ്. ഗവൺമെന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുള്ളതുമായ സന്ദിത് തണ്ടാശ്ശേരിയോടൊപ്പം യാത്ര ചെയ്തു. കേരള സംസ്ഥാന ഗതാഗത വകുപ്പിന് വേണ്ടിയാണ് സന്ദിത് നയിക്കുന്ന ''നവ്ആൾട് ബോട്ട്‌സ്'' സൗരോർജ്ജ ഫെറി രൂപകൽപന ചെയ്ത് നിർമ്മിച്ചത്.
തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം, ഫോർട്ട് കൊച്ചിയിലെ വാസ്‌കോ ഡ ഗാമ സ്‌ക്വയർ എന്നീ ഇടങ്ങൾ സന്ദർശിച്ച കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അഭിനന്ദിച്ചു. മത സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിന് യു.എസ്. സർക്കാരിന്റെ പ്രതിബദ്ധത കൊച്ചിയിലെ കടവുംഭാഗം സിനഗോഗ് സന്ദർശിക്കവെ ജൂഡിത്ത് റേവിൻ എടുത്തു പറഞ്ഞു. യു.എസ്. ഗവൺമെന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുള്ള ജി. വിജയരാഘവൻ തിരുവനന്തപുരത്ത് സ്ഥാപിച്ച സ്ഥാപനമായ സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസബിലിറ്റിസ് റീഹാബിലിറ്റേഷൻ റിസേർച്ച് ആൻഡ് എഡ്യൂക്കേഷനും അവർ സന്ദർശിച്ചു. ഓട്ടിസം ഉള്ള നിരവധി കുട്ടികളുടെ ജീവിതം രൂപാന്തരപ്പെടുത്തുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം പ്രചോദനമാത്മകമാണെന്ന് കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ അഭിപ്രായപ്പെട്ടു.