ചെന്നൈ: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കാമുകനും അറസറ്റിൽ. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ സംഭവം. മധുരയിലെ സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായ 42-കാരിയാണ് 16 വയസ്സുള്ള മൂന്ന് ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. വീഡിയോദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കായി സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

അയൽവാസികളായ വിദ്യാർത്ഥികളെയാണ് ഇവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ലോക്ഡൗൺ കാലത്ത് അദ്ധ്യാപിക അയൽവാസികളായ വിദ്യാർത്ഥികൾക്ക് വീട്ടിൽ ട്യൂഷനെടുത്തു. ഇതിനിടയിലാണ് ചില കുട്ടികളുമായി അടുപ്പംസ്ഥാപിച്ച് ലൈംഗിക ചൂഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ഇവർ തന്നെ ഫോണിൽ പകർത്തിയതായാണ് സൂചന. അതേസമയം ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി 39 വയസ്സുള്ള ഒരു വ്യാപാരിയുമായി അടുപ്പത്തിലായിരുന്നു.

തന്റെ കാമുകിക്ക് വിദ്യാർത്ഥികളുമായി അടുപ്പമുള്ളത് വ്യാപാരി അറിഞ്ഞു. അദ്ധ്യാപികയും വിദ്യാർത്ഥികളുമായുള്ള ചില ദൃശ്യങ്ങൾ ഇയാൾക്കു ലഭിക്കുകയും ചെയ്തു. ഇതുകാട്ടി വിദ്യാർത്ഥികളെയും അദ്ധ്യാപികയേയും ഭീഷണിപ്പെടുത്തി ഇയാൾ കൂടുതൽ ദൃശ്യങ്ങൾ ചിത്രീകരിച്ചു. വിദ്യാർത്ഥികളുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെടുന്ന അനേകം വീഡിയോകളാണ് ഇയാൾ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

പുറത്തായ ദൃശ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് വ്യാപാരിയിലേക്കും കാമുകിയായ അദ്ധ്യാപികയിലേക്കുമെത്തിച്ചത്. തുടർന്ന് ഇരുവരെയും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾചേർത്ത് അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികളും അദ്ധ്യാപികയുമടങ്ങുന്ന അശ്ലീലദൃശ്യങ്ങൾ ചില സുഹൃത്തുക്കൾക്ക് പങ്കുവെച്ചതായി വ്യാപാരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.