തലശേരി:തലശേരി ചാലിൽ ഇന്ദിരാഗാന്ധി പാർക്കിന് സമീപത്തെ കടൽഭിത്തിക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പാട്യം പത്തായക്കുന്നിലെ അമ്പു മാസ്റ്റർ പീടികക്ക് സമീപം ചാത്തോത്ത് വിട്ടിൽ ബാബുവാണ്(42) മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കതിരൂർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഞായറാഴ്ച വൈകീട്ടോടെയാണ് ഇന്ദിരാഗാന്ധി പാർക്കിന് സമീപത്തെ കടൽഭിത്തിക്കുള്ളിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ബാബുവിന്റെ ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്.

മഹാരാഷ്ട്ര കാനാലൂരിൽ ബേക്കറി തൊഴിലാളിയായിരുന്ന ബാബു കോവിഡ് കാലമായതിനാൽ കുറെ നാളുകളായി നാട്ടിലെത്തിയിട്ട്. .പരേതരായ ചാത്തോത്ത് കുഞ്ഞിക്കണ്ണൻ എന്ന ബാപ്പുവിന്റെയും മാധവിയുടെയും മകനാണ്. പ്രദീപൻ, പ്രസി എന്നിവരാണ് സഹോദരങ്ങൾ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തലശേരി തീരദേശ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു