ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളേയും ലയിപ്പിച്ച് ഒറ്റ കോർപ്പറേഷനാക്കാനുള്ള ബിൽ പാർലെന്റ പാസാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭേദഗതി ബിൽ പാസായതോടെയാണ് ഏകീകൃത ഡൽഹി കോർപ്പറേഷൻ പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങുന്നത്. മാർച്ച് 30 ന് ലോകസഭയിലും ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ഒപ്പ് വെക്കുന്നതോടെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളുടെയും ലയനം പ്രാബല്യത്തിലാകും. ഡൽഹി ഈസ്റ്റ്, നോർത്ത്, സൗത്ത് മുൻസിപ്പൽ കോർപ്പറേഷനുകളാണ് ഏകീകരിക്കുക

പിടിച്ചടക്കാനുള്ള മോദി സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് ലയനമെന്ന് കോൺഗ്രസും സിപിഎമ്മും എഎപിയും അടക്കമുള്ള പാർട്ടികൾ ബില്ലിന്റെ ചർച്ചയിൽ വിമർശിച്ചു. എന്നാൽ ഭരണം സുഗമമാക്കാനും ചെലവ് കുറക്കാനാണ് നടപടിയെന്നുമാണ് സർക്കാറിന്റെ വാദം. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയെങ്കിലും ശബ്ദവോട്ടോടെ ബിൽ രാജ്യസഭ പാസാക്കുകയായിരുന്നു.

രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ ബില്ലിനെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. ബിജെപിക്ക് അധികാരത്തോട് ആർത്തിയെന്ന് പറയുന്നവർ സ്വന്തം കണ്ണാടി നോക്കണമെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോൺഗ്രസാണ് എല്ലാ ജനാധിപത്യ അവകാശങ്ങളും അവർ അന്ന് കവർന്നെടുത്തു, പ്രതിപക്ഷത്തെ അഴിക്കുള്ളിലാക്കി, മാധ്യമ സ്വാതന്ത്ര്യം ഇല്ലാതതാക്കി. അവരാണ് ഇന്ന് ജനാധിപത്യത്തിനുവേണ്ടി കരയുന്നതെന്നും അമിത്ഷാ പരിഹസിച്ചു.