- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ റോഡിനിരുവശവും നവീകരിക്കുന്നു
പാലാ: ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ ഉള്ള ഭാഗത്തെ അപകട സാധ്യതകൾ ഒഴിവാക്കാനായുള്ള നവീകരണ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. നാളെ (07/04/2022) വരെ ടെൻഡർ സമർപ്പിക്കാൻ സാധിക്കും. 11 ആം തിയതി ടെൻഡർ ഓപ്പൺ ചെയ്ത് എഗ്രിമെന്റ് വയ്ക്കും. റോഡ് സേഫ്റ്റി അതോററ്റി ഫണ്ടിൽ നിന്നുമാണ് ഇതിനാവശ്യമായ 95.5 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്കു ഇതോടെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടപ്പാടി മുതൽ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനായി ഇരുവശത്തും സ്ലാബോഡു കൂടിയ ഓടകൾ,
ആധുനിക രീതിയിൽ ഫുട്പാത്ത് നിർമ്മാണവും നവീകരണവും റോഡ് മാർക്കിങ്, വാണിങ് ബ്ലിംക്കേഴ്‌സ് നിർമ്മാണം, മേരിഗിരിയിൽ ബസ്സ് ബേ, ഭരണങ്ങാനത്തും ഇടപ്പാടിയിലും വെയിറ്റിങ് ഷെഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്ററുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കും.
മേരിഗിരി ആശുപത്രി, അസ്സീസി ആശ്രമം, അൽഫോൻസാ തീർത്ഥാടനകേന്ദ്രം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ തുടങ്ങിയ തീർത്ഥാടന - വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ഗതാഗതം സുഗമമാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.
മാണി സി കാപ്പൻ എം എൽ എ മുൻ സർക്കാരിന്റെ കാലത്ത് ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഭരണാനുമതി നേരത്തെ ലഭിച്ച ഈ പദ്ധതി ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലുടൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു. ഇതോടൊപ്പം പാലാ നഗരവുമായി ബന്ധപ്പെട്ട കെ എസ് ആർ ടി സി ഭാഗം, തെക്കേക്കര, ചെത്തിമറ്റം, ബ്രില്യന്റ് കോളജിന്റെ ഭാഗം എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ ഓടകൾ അടിയന്തിരമായി നിർമ്മിക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതായും മാണി സി കാപ്പൻ അറിയിച്ചു.
സമ്മർ ഫുട്‌ബോൾ ക്യാമ്പും സെലക്ഷൻ ട്രയൽസും പാലായിൽ
പാലാ: ജി വി രാജാ ഫുട്‌ബോൾ അക്കാദമിയുമായി ചേർന്നു പാലാ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ ഫുട്‌ബോൾ ക്യാമ്പും സെലക്ഷൻ ട്രയൽസും നടത്തുന്നു. പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്കു സൗജന്യ പരിശീലനവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാക്കും. 6 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്‌കൂളിൽ പഠന സൗകര്യവും ലഭിക്കും. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അംഗീകാരമുള്ള പരിശീലകരാണ് പരിശീലനം നൽകുന്നത്. സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 40 കുട്ടികൾക്കു ജി വി രാജ ഫുട്‌ബോൾ അക്കാദമിയിൽ പ്രവേശനവും ലഭ്യമാക്കും. താത്പര്യമുള്ളവർ ഈ മാസം 10 നകം 9946801391, 9447828437 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.