ചെന്നൈ: വിജയ് ചിത്രം 'ബീസ്റ്റി'ന്റെ റിലീസ് തമിഴ്‌നാട്ടിൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വി എം.എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് കത്തുനൽകി.

'തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകൾ എന്നിവക്ക് പിന്നിൽ മുസ്ലിംകളാണെന്നാണ് സിനിമ പറയുന്നത്. ഇത് ഖേദകരമാണ്. 'ബീസ്റ്റ്' പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കും' എന്ന് കത്തിൽ വ്യക്തമാക്കുന്നു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്റ്റേജ് ത്രില്ലറാണ്. 'വീരരാഘവൻ' എന്ന സ്‌പൈ ഏജന്റ് ആയാണ് വിജയ് വേഷമിടുന്നത്. മാസ്റ്ററിന്‌ശേഷം വിജയ് അഭിനയിച്ച 'ബീസ്റ്റി'ൽ പൂജ ഹെഗ്‌ഡെയാണ് നായിക.

ചിത്രം ഏപ്രിൽ 13 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന് കുവൈത്തിൽ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. വിജയ്യുടെ കട്ടൗട്ടിൽ ആരാധകർ പാൽ ഒഴിച്ച് പാഴാക്കാനിടയുള്ളതിനാൽ ബീസ്റ്റിന് സ്പെഷൽ ഷോ അനുവദിക്കരുതെന്ന് ടിഎൻ മിൽക്ക് അസോസിയേഷനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്മാരാണ് ചിത്രത്തിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.

ശെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിൽ 100 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നും റിപ്പോർട്ടുണ്ട്. മാസ്റ്ററിന്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം.