ന്യൂഡൽഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ അധികാരങ്ങളും താൽക്കാലിമായി മേൽനോട്ട സമിതിക്കു കൈമാറുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാപ്രശ്‌നം ഉന്നയിച്ചുള്ള ഹർജികളിൽ വെള്ളിയാഴ്ച വിധി പറയും. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഡാം സുരക്ഷാ നിയമത്തിൽ പറയുന്നതിനു തത്തുല്യമായി മേൽനോട്ട സമിതി അധ്യക്ഷനെ നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ പ്രതികരണം അറിയിക്കേണ്ടതുണ്ട്. ഇതിനായി ഉച്ചവരെ സമയം തേടിയതു പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഹർജി ഉച്ചയ്ക്കു രണ്ടിനു പരിഗണിക്കാനായി മാറ്റി. തുടർന്ന് നാളെ വിധി പറയുമെന്ന് അറിയിക്കുകയായിരുന്നു.

പുതിയ മേൽനോട്ടസമിതി വരുന്നത് വരെ തത്കാലം നിലവിലുള്ള സമിതി തുടരട്ടെയെന്ന് സുപ്രീംകോടതി കേരളത്തോട് നിർദേശിച്ചു. കേന്ദ്ര ജലകമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണം മേൽനോട്ട സമിതിയുടെ ചെയർമാൻ എന്ന് കേരളം ആവശ്യപ്പെട്ടു.

അതേസമയം പുതിയ മേൽനോട്ടസമിതിയെ നിയമിക്കണമെന്ന സുപ്രീംകോടതിയിലെ കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രസർക്കാർ എതിർത്തു. മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഇപ്പോഴത്തെ നിലയിൽ മേൽനോട്ടസമിതിയിൽ മാറ്റം വേണ്ടെന്നും കേരളത്തിലും തമിഴ്‌നാട്ടിൽ നിന്നും ഒരോ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പുതിയ സമിതി നിലവിൽ വരികയെന്നും സുപ്രീംകോടതി അറിയിച്ചു.

നാളത്തെ വിധിയിൽ ഡാം സുരക്ഷ അഥോറിറ്റി യുടെ നിയമപ്രകാരമുള്ള ചുമതലകൾ മേൽനോട്ട സമിതിക്ക് കൈമാറിയേക്കും. മേൽനോട്ട സമിതിക്ക് ചുമതലകൾ കൈമാറുന്നതിന് കേരളം കോടതിയിൽ അനുകൂലിച്ചിട്ടുണ്ട്

ഇതിനിടെ, ഡാം സുരക്ഷാ വിഷയത്തിൽ മേൽനോട്ട സമിതിയെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ പരിഗണിക്കുവെന്നു കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടും മറ്റു വിഷയങ്ങളിലേക്കു കടക്കാൻ ശ്രമിച്ച അഭിഭാഷകരിൽ ഒരാളെ സുപ്രീം കോടതി മുറിക്കു പുറത്താക്കി. ഈ കേസിൽ തുടർന്ന് താങ്കളുടെ സഹായം കോടതിക്കു വേണ്ടെന്നു വ്യക്തമാക്കിയായിരുന്നു ഇത്.

നിലവിൽ ഡാമിന്റെ പരിപൂർണ അധികാരമുള്ള തമിഴിനാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോൾ ഷട്ടറുകൾ തുറക്കുന്നതിലും പെരിയാർ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്‌നാട് കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണ്. മേൽനോട്ട സമിതിക്ക് അധികാരം ലഭിക്കുന്നതോടെ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.