തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പ്രസ്താവിച്ച കെ വി തോമസിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. പാർട്ടി ഹൈക്കമാൻഡിന്റേയും സംസ്ഥാന നേതൃത്വത്തിന്റെയും മുന്നറിയിപ്പുകൾ തള്ളിയാണ് കണ്ണൂരിൽ നടക്കുന്ന സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയത്.

തന്നെ ക്ഷണിച്ചത് സെമിനാറിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തമ്മിലുള്ള വിഷയത്തിൽ സംസാരിക്കാനാണ്. അരമണിക്കൂറാണ് സമയം അനുവദിച്ചത്. രാജ്യം നേരിടുന്ന പ്രശ്നമാണ് തനിക്കു പറയാനുള്ളത്. സെമിനാറിൽ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നായിരുന്നു കെ വി തോമസ് പറഞ്ഞത്.

ഇതിന് പിന്നാലെ രൂക്ഷപരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ രംഗത്തെത്തി. കെ.വി തോമസ് എന്ന കോൺഗ്ഗ്രസ് നേതാവിനെ മറ്റെല്ലാ കോൺഗ്ഗ്രസ് നേതാക്കളെയും പോലെ തന്നെ കഥപറഞ്ഞും, ആക്ഷേപം ചൊരിഞ്ഞും, മോശമാക്കാനും ഇല്ലാതാക്കാനും ശ്രമിച്ചിരുന്നത് കോൺഗ്ഗ്രസുകാരല്ല, അതെന്നും സഖാക്കളായിരുന്നു എന്ന് ബിനു തന്റെ കുറിപ്പിൽ പറയുന്നു.

അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിച്ച് താമരയും, ചെമ്പരത്തിയും , വാടാ മുല്ലയും ഒക്കെ പരിപാലിച്ച് വീട്ടിൽ ഇരിക്കേണ്ട മാഷിനെ എം .എൽ .എയും എംപിയും മന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നിർദ്ദേശം പോലും മാറ്റിവെച്ച് അങ്ങ് പോകണം ... അങ്ങനെങ്കിൽ അടുത്ത അമൽ നീരദ് ചിത്രത്തിൽ എറണാകുളത്തിന്റെ വികസന ശിൽപി മാഷാകും തീർച്ച എന്ന് ബിനു ചുള്ളിയിൽ തന്റെ കുറിപ്പിൽ പരിഹസിക്കുന്നു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പാർട്ടി കോൺഗ്ഗ്രസിൽ മാഷിനെ സ്വീകരിക്കാൻ അമൽ നീരദും വരട്ടെ...
തിരുതാ തോമാ
എന്ന വിശേഷണം എന്നെ വല്ലാതെ നൊമ്പരപെടുത്തി എന്ന് കെ.വി തോമസിന്റ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു, ആരാണ് അദ്ദേഹത്തിന് ആ പട്ടം ചാർത്തിയത് ?
സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്നതു പോലെകെ.വി തോമസ് എന്ന കോൺഗ്ഗ്രസ് നേതാവിനെ മറ്റെല്ലാ കോൺഗ്ഗ്രസ് നേതാക്കളെയും പോലെ തന്നെ കഥപറഞ്ഞും, ആക്ഷേപം ചൊരിഞ്ഞും,
മോശമാക്കാനും ഇല്ലാതാക്കാനും ശ്രമിച്ചിരുന്നത് കോൺഗ്ഗ്രസുകാരല്ല തോമസ് മാഷേ. അതെന്നും സഖാക്കളായിരുന്നു.
ഓർക്കുന്നില്ലേ അങ്ങയുടെ മകന്റെ കുറച്ചു ദിവസങ്ങൾക്ക് മുൻപുള്ള പ്രതികരണം . ഇടതുപക്ഷ സഹയാത്രികന്റെ സിനിമയായ ഭീഷ്മപർവത്തിൽ ദിലീഷ് പോത്തന്റെ കഥാപാത്രം എത്രമേൽ ആക്ഷേപം ചൊരിഞ്ഞു എന്ന് വിലപിച്ചത്.
അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിച്ച് താമരയും, ചെമ്പരത്തിയും , വാടാ മുല്ലയും ഒക്കെ പരിപാലിച്ച് വീട്ടിൽ ഇരിക്കേണ്ട മാഷിനെ എം .എൽ .എയും എംപിയും മന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നിർദ്ദേശം പോലും മാറ്റിവെച്ച് അങ്ങ് പോകണം ...
അങ്ങനെങ്കിൽ അടുത്ത
അമൽ നീരദ് ചിത്രത്തിൽ
എറണാകുളത്തിന്റെ വികസന ശിൽപി മാഷാകും തീർച്ച....