- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ ഭരണത്തുടർച്ച ലക്ഷ്യം; മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ച് ജഗന്മോഹൻ റെഡ്ഡി; 24 മന്ത്രിമാർ രാജിക്കത്ത് നൽകി
ഹൈദരാബാദ്: ആന്ധ്രയിലെ ജഗന്മോഹൻ റെഡ്ഡി മന്ത്രിസഭ രാജിവെച്ചു.അമരാവതിയിലെ സെക്രട്ടറിയേറ്റിൽ മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് മന്ത്രിസഭ പിരിച്ചു വിടുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. മന്ത്രിസഭയിലെ 24 മന്ത്രിമാരും വൈ എസ് ആർ കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു. സർക്കാരിന്റെ കാലാവധിയുടെ പകുതിയിൽ എത്തിനിൽക്കുമ്പോഴാണ് വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർണായക നീക്കം.
2024ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തീരുമാനമെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുമെന്ന് അദ്ദേഹം ഗവർണറോട് അറിയിച്ചിരുന്നു .
പുതിയ മന്ത്രി സഭ ഏപ്രിൽ 11ന് ചേരും. 2019 മെയ് 30 ന് ജഗൻ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, രണ്ടര വർഷത്തിന് ശേഷം തന്റെ മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി നടത്തുമെന്നും പുതിയ ഒരു ടീമിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
2021 ഡിസംബറിൽ മന്ത്രിസഭാ പുനഃസംഘടന നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. 175 അംഗ നിയമസഭയിൽ 151 സീറ്റുകൾ നേടി യുവജന ശ്രമിക കർഷക കോൺഗ്രസ് പാർട്ടി ( വൈ എസ് ആർ സി പി ) സർക്കാർ രൂപീകരിച്ചതിന് ശേഷം 2019 ജൂൺ 8 ന് നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, നിലവിലെ മന്ത്രിസഭയിൽ ഒന്നോ രണ്ടോ പേർ മാത്രമേ പുതിയ മന്ത്രിസഭയിൽ തുടരുകയുള്ളൂ. പ്രാതിനിധ്യം ലഭിക്കേണ്ട രാഷ്ട്രീയ പ്രാധാന്യമുള്ള സമുദായങ്ങളിലെ അംഗങ്ങൾ മാത്രമായതിനാലാണ് ഇവർക്ക് ഇളവ് ലഭിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 26 ജില്ലകളിൽനിന്നുള്ള പ്രാതിനിധ്യം പുതിയ മന്ത്രിസഭയ്ക്ക് ഉണ്ടായിരിക്കും . ആദ്യ മന്ത്രിസഭയിൽ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, കാപ്പു ജാതി, മുസ്ലിം ന്യൂനപക്ഷ സമുദായം എന്നിവയിൽ നിന്നുള്ള ഓരോ അംഗങ്ങളായിരുന്നു അത് . മൂന്ന് വനിതകളാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.
ദളിത് വിഭാഗത്തിൽപ്പെട്ട എം സുചരിതയായിരുന്നു ആഭ്യന്തര മന്ത്രി. ഈ രീതിയിൽ തന്നെയായിരിക്കും പുതിയ മന്ത്രിസഭ രൂപീകരിക്കുകയെന്നാണ് സൂചന. സ്ഥാനമൊഴിയുന്ന മന്ത്രിമാർക്ക് പാർട്ടിയിൽ ഉയർന്ന ചുമതലകൾ നൽകാനുള്ള സാധ്യതയുണ്ട്. മന്ത്രിമാർ എന്ന നിലയിലുള്ള അവരുടെ പരിചയസമ്പത്തും പൊതുജനങ്ങളുമായുള്ള അവരുടെ ബന്ധവും കണക്കിലെടുക്കുമ്പോൾ, അവർ ഏകോപനത്തിന് ഉപയോഗപ്രദമാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു മന്ത്രിസഭ കാലാവധിയുടെ പാതിവഴിയിൽ രാജിവെക്കുന്നത്. 2019ൽ, ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് തൊട്ടുപിന്നാലെ, 2024 ലെ തന്റെ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ മന്ത്രിസഭ ടീമിനെ തിരഞ്ഞെടുക്കുമെന്ന് റെഡ്ഡി പറഞ്ഞിരുന്നു. തന്നോടൊപ്പമുള്ള എല്ലാവർക്കും അവസരം നൽകുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട് . നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ലക്ഷ്യമാക്കിയാണ് ജഗൻ മോഹൻ റെഡിയുടെ പദ്ധതികൾ.




