ന്യൂഡൽഹി: ലോക്സഭ സെഷനിടെ സുപ്രിയ സുലേ എംപിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്ന ശശി തരൂർ എംപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് പിന്നാലെ രസകരമായ കമന്റുകളുമായി രംഗത്ത് വന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിച്ചവർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂർ എംപി.

മുതിർന്ന നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല സംസാരിക്കുമ്പോൾ തന്റെ ഡെസ്‌കിലേക്ക് ചാഞ്ഞുകിടന്ന് ശ്രദ്ധപൂർവം സുപ്രിയയുടെ സംസാരം ശ്രദ്ധിക്കുന്ന തരൂരിന്റെ വീഡിയോയാണ് സിനിമാഗാനങ്ങൾ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയായിരുന്നു ഇത്.

ലോക്സഭ സെഷനിടെ ബഞ്ചിൽ താടി വച്ച് സുപ്രിയ സുലെയോട് സംസാരിക്കുന്ന തരൂരിന്റെ വീഡിയോ വിമർശന, പരിഹാസ ബുദ്ധിയോടെ സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിക്കുകയായിരുന്നു. ലോക്‌സഭ സെഷനിടെ കുശലാന്വേഷണം നടത്തുന്ന തരൂർ എന്ന നിലയിലായിരുന്നു ട്രോളുകളിൽ പലതും പ്രത്യക്ഷപ്പെട്ടത്. പക്ഷേ എല്ലാ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി തരൂർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

 

ഫാറൂഖ് അബ്ദുള്ള ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ എം പി ചില നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്. ഫാറുഖ് സാഹിബിന്റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചെലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.