പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിക്കോട് മലയിൽ വ്യാജവാറ്റുകേന്ദ്രം കണ്ടെത്തുന്നതിനായി നടത്തിയ റെയ്ഡിൽ വൻസ്ഫോടക വസ്തു ശേഖരം പിടികൂടി. കൊളവല്ലൂർ എസ്. ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

നരിക്കോട് മലയിൽ താമസിക്കുന്ന തൃപങ്ങോട്ടൂർ അക്കരമ്മൽ വീട്ടിൽ ജോഷിയെന്ന(48)യാളുടെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്‌ച്ച പുലർച്ചെ വൻസ്ഫോടക വസ്തു ശേഖരം പിടികൂടിയത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവയാണ് കണ്ടെത്തിയത്. ഇയാളെ സ്ഫോടകവസ്തു നിരോധനപ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്.

നാൽപതോളം അനധികൃത ക്വാറികളാണ് നരിക്കോട് മല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്. ഇവിടെ കരിങ്കൽ ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനാണ് സ്ഫോടവസ്തുക്കൾ ശേഖരിച്ചതെന്ന് കരുതുന്നു. പ്രതിയെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തുവരികയാണ്.
റെയ്ഡിൽ എസ്. ഐ പ്രഷീദ്, സിവിൽ പൊലിസ് ഓഫിസർമാരായ ദീപേഷ്, ഷേേിഗ്, പ്രമിത, സനൽകുമാർ എന്നിവരും പങ്കെടുത്തു