ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച സമാജ്വാദി പാർട്ടി എം എൽ എ ഷാസിൽ ഇസ്ലാം അൻസാരിയുടെ പെട്രോൾ പമ്പ് ഇടിച്ചുനിരത്തി. നിയമപരമായി അനുമതിയില്ലാത്ത നിർമ്മാണം എന്നുപറഞ്ഞായിരുന്നു ബറേലി വികസന അഥോറിറ്റി നടപടി സ്വീരിച്ചത്.

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെയാണ് ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയത്.

പാർട്ടി പരിപാടിയിലാണ് അൻസാരി യോഗിയെ വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയിട്ടുണ്ടെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ് പിയുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമായിരുന്നു അൻസാരി പറഞ്ഞത്.

പ്രസംഗം നടത്തി മണിക്കൂറുകൾക്കകമാണ് ജെ സി ബിയുമായി അധികൃതർ എത്തി പമ്പ് ഇടിച്ചുനിരപ്പാക്കിയത്. ഇതിനൊപ്പം പ്രസംഗത്തിന്റെ പേരിൽ അൻസാരിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ശരിയായ അർത്ഥത്തിലാണ് താൻ പ്രസംഗിച്ചതെന്നും ചില മാധ്യമങ്ങൾ അതിനെ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അൻസാരി പറഞ്ഞത്.

പമ്പ് ഇടിച്ചുനിരത്തിയതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.നേരത്തേ സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ യോഗി ജെ സി ബി ആയുധമാക്കിയിരുന്നു.

എത്രയും പെട്ടെന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പൊലീസിന് മുമ്പാകെ കീഴടങ്ങണമെന്നും അല്ലാത്തവരുടെ വീടുകൾ നിരപ്പാക്കുമെന്നായിരുന്നു യോഗിയുടെ ഭീഷണി. ഇതോടെ നിരവധി ഗുണ്ടകളാണ് പൊലീസിനുമുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞ ഭരണത്തിൽ ചില ഗുണ്ടകളുടെ സ്ഥാപനങ്ങളും വീടുകളും പൊലീസ് ഇടിച്ചു നിരത്തിയിരുന്നു.