ന്യൂഡൽഹി: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. തന്റെ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേന്ദ്ര സർക്കാരിന് ഭരിക്കാൻ കഴിയുന്ന നഗരമായി മുംബൈയെ മാറ്റാൻ ശ്രമം നടക്കുന്നു. ബിജെപി നേതാവ് കിരിത് സോമയ്യയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നതെന്നും റാവുത്ത് ആരോപിച്ചു. മുംബെയിൽ നിന്നുള്ള ഒരു ബിൽഡർക്കും വാരണാസിയിൽ നിന്നുള്ള പ്രമുഖനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ഈ സംഭവത്തെപ്പറ്റി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂളുകളിൽ മറാത്തി നിർബന്ധിത ഭാഷയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സോമയ്യ നേരത്തെ വെല്ലുവിളിച്ചിരുന്നു.

തനിക്കും മറ്റ് പാർട്ടി നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന റെയ്ഡുകളെ താൻ ഭയപ്പെടുന്നില്ല. ശിവസേനയ്ക്കും മഹാരാഷ്ട്രയ്ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചവരോട് തങ്ങൾ അതിന് തയ്യാറാണെന്നും ഇഡി,എൻസിബി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ മഹാരാഷ്ട്ര തലയുയർത്തി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

1,034 കോടി രൂപയുടെ പത്ര ചൗൾ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ സ്വത്തുകണ്ടുകെട്ടിയതിന് പിന്നാലെയാണ് റാവത്തിന്റെ പരാമർശം.