പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനം കർശനമാക്കാനുള്ള പദ്ധതിക്ക് ആഭ്യന്തര വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അംഗീകാരം.

മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ സ്വീകരിക്കേണ്ട സുരക്ഷാ സന്നാഹങ്ങൾ സംബന്ധിച്ച് എഡിജിപി ബച്ചു സിങ് മീണ ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും മാർഗനിർദ്ദേശം നൽകി.

കഴിഞ്ഞ മാസം 27നു ഭക്ത്യാർപുർ സന്ദർശന വേളയിൽ സുരക്ഷാവലയം കടന്നെത്തിയ ഒരാൾ മുഖ്യമന്ത്രിയെ അടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. നിതീഷ് കുമാറിന്റെ പിന്നിലെത്തി അടിച്ചയാളെ കമാൻഡോകൾ കീഴ്‌പ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്നയാളാണു മുഖ്യമന്ത്രിയെ ആക്രമിച്ചത്.

തലസ്ഥാനത്തിനു പുറത്തുള്ള സന്ദർശന വേളകളിൽ നിതീഷ് കുമാർ ജനങ്ങൾക്ക് ഇടയിലേക്കിറങ്ങുന്ന പതിവ് സുരക്ഷാ ഉദ്യോഗസ്ഥർക്കു തലവേദനയാണ്. പട്‌നയിലെ ഔദ്യോഗിക വസതിയിൽ തിങ്കളാഴ്ചതോറും പൊതുജനങ്ങളുടെ പരാതികൾ മുഖ്യമന്ത്രി നേരിട്ടു കേൾക്കുന്ന പരിപാടിയിലും ഇനി സുരക്ഷാ ക്രമീകരണം കർക്കശമാക്കും.