ചെന്നൈ: പതിനേഴുകാരിയായ ദത്തുപുത്രിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അച്ഛനും മക്കളും അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 64കാരനായ അച്ഛനും 58 കാരിയായ അമ്മ 34, 29 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇളയ മകൻ ഒളിവിലാണ്. മകൾ ഇല്ലാത്തതിനെ തുടർന്നാണ് ഇവർ ദത്തെടുത്തത്.

2005ലാണ് ഇവർ പെൺകുട്ടിയെ ദത്തെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിന് പിന്നാലെയാണ് ഇവർ കുട്ടിയെ ദത്തെടുത്തത്. പതിനഞ്ച് വയസിൽ പെൺകുട്ടി ഋതുമതിയായതിന് പിന്നാലെ ഇവർ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളർത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെൺകുട്ടിയോട് ഇതേരീതിയിൽ പെരുമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷത്തോളമുള്ള പീഡനം തുടർന്ന് സഹിക്കാനാവാതെ വന്നപ്പോൾ പെൺകുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു.

അവരുടെ സഹായത്തോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. അച്ഛനും മക്കൾക്കുമെതിരെ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്ക്കെതിരെ വിവരങ്ങൾ മറച്ചുവച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.