മൂന്നു തവണ വിംബിൾഡൺ കിരീടം ചൂടുകയും ആറുതവണ ഗ്രാൻഡ്സ്ലാം നേടുകയും ചെയ്ത പ്രമുഖ ടെന്നീസ് താരം തന്റെ 54-ാം വയസ്സിൽ ജയിലിലാവുകയാണ്. ബ്രിട്ടീഷ് ഇൻസോൾവൻസി നിയമങ്ങൾ തെറ്റിച്ചതിനാണ് ശിക്ഷ. 2017-ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തന്റെ കടബാദ്ധ്യതകൾ കൊടുത്തു തീർക്കാതിരിക്കുന്നതിനായി രണ്ട് വിംബിൾഡൺ ട്രോഫികൾ ഉൾപ്പടെ ലക്ഷക്കണക്കിന് പൗണ്ട് വില വരുന്ന ആസ്തികൾ അധികൃതരിൽ നിന്നും മറച്ചുപിടിച്ചു എന്നതാണ് ബെക്കറിന് മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ഇന്നലെ സൗത്ത്വാക്കിലെ ക്രൗൺ കോടതിയാണ് മുൻ ലോക ടെന്നീസ് ചാമ്പ്യനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സ്പെയിനിലെ മല്ലോർക്കയിലുള്ള ബെക്കറിന്റെ ഒരു സ്വത്തിനു മേലുണ്ടായിരുന്ന 3 മില്യൺ പൗണ്ടിന്റെ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് 2017-ൽ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ആഡംബര ജീവിതം നയിക്കുവാൻ ആയിരക്കണക്കിന് പൗണ്ടായിരുന്നു അദ്ദേഹം ഓരോ ദിവസവും ചെലവഴിച്ചിരുന്നത്. മാത്രമല്ല, ജർമ്മനിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന മേഴ്സിഡസ് കാർ ഡീലർഷിപ്പ് വിൽക്കുക വഴി ലഭിച്ച 9,50,000 പൗണ്ടിന്റെ വരുമാനവും അദ്ദേഹം ഒളിപ്പിച്ചു.

അതുപോലെ ലക്ഷക്കണക്കിന് വിലമതിക്കുന്ന ചില സ്വത്തുക്കൾ തന്റെ രണ്ട് മുൻ ഭാര്യമാരുടെ പേരിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. ബാങ്ക് ആൽപിനത്തിന് നല്കാനുള്ള 6 ലക്ഷം പൗണ്ടിലധികമുള്ള വായ്പയും ഒളിപ്പിച്ചതായി കോടതി കണ്ടെത്തി. എന്നാൽ, വിംബിൾഡൺ ഉൾപ്പടെ പല മത്സരങ്ങളിൽ നിന്നായി നേടിയ ടെന്നീസ് കിരീടങ്ങൾ സർക്കാരിന് കൈമാറിയില്ല എന്ന ആരോപണത്തിൽ നിന്നും മുൻ ലോക ചാമ്പ്യനെ കോടതി ഒഴിവാക്കി. നേരത്തെ 2002-ൽബോറിസ് ബെക്കർക്കെതിരെ ജർമ്മനിയിലും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. എന്നാൽ, കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ അത് മാഞ്ഞുപോവുകയായിരുന്നു.

1985-ൽ വെറും 17 വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു ബെക്കർ ആദ്യമായി വിംബിൾഡൻ കിരീടം കരസ്ഥമാക്കിയത്. ചരിത്രത്തിൽ തന്നെ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറുകയായിരുന്നു ബെക്കർ. തുടർന്ന് 16 വർഷം നീണ്ട ടെന്നീസ് ജീവിതത്തിനിടയിൽ 77 ഫൈനൽ മത്സരങ്ങൾ കളിച്ച അദ്ദേഹം 49 സിംഗിൾസ് കിരീടങ്ങളാണ് നേടിയിട്ടുള്ളത്.

തന്റെ പങ്കാളിക്കൊപ്പം കോടതിയിലെത്തിയ ബെക്കർ പക്ഷെ ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിക്കുകയായിരുന്നു. 24കുറ്റങ്ങളാണ് ബെക്കർക്ക് മേൽ ചാർത്തിയിരുന്നത് എങ്കിലും വെറും നാലെണ്ണത്തിൽ മാത്രമാണ് ബെക്കറെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബാക്കിയുള്ള ആരോപണങ്ങളിൽ അദ്ദേഹം കുറ്റക്കാരനല്ലെന്നും കോടതി കണ്ടെത്തി. പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങൾ.