കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകൾ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 21ന് ആലങ്ങാട്വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും നടക്കും.

തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലെയ്റ്റി കൗൺസിൽ വൈസ് ചെയർമാനുമായ ബിഷപ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അനുസ്മരണസമ്മേളനത്തിൽവെച്ച് അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണയെ എക്കാലവും നിലനിർത്തുന്നതിനും വിവിധ പദ്ധതികൾക്കുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് രൂപീകരിക്കുന്ന അഡ്വ.ജോസ് വിതയത്തിൽ ഫൗണ്ടേഷന് ആരംഭംകുറിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

വിവിധ സഭാവിഭാഗങ്ങളിലെ പിതാക്കന്മാരും സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, വിവിധ സംഘടനാപ്രതിനിധികളും പ്രാർത്ഥനാ ശുശ്രൂഷകളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരും.