- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്ക് അനഭിമതനാകുന്നവരെ 51 വെട്ട് വെട്ടിക്കൊല്ലുന്ന പാരമ്പര്യം കോൺഗ്രസിനില്ല: കെ.വി.തോമസിനെ ഇരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം കെണിയിൽ വീഴാൻ കോൺഗ്രസുകാരെ കിട്ടില്ല എന്നും മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: പാർട്ടിക്ക് അനഭിമതനാകുന്ന പ്രവർത്തനം നടത്തുന്നവരെ 51 വെട്ട് വെട്ടി കൊലപ്പെടുത്തുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്. കെ.വി.തോമസിനെ കണ്ണൂരിൽ തടഞ്ഞു നോക്കൂ എന്ന് കോൺഗ്രസുകാരെ വെല്ലു വിളിക്കുന്ന എം വിജയരാജന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ഞങ്ങൾക്കറിയാം. പ്രകോപനം സൃഷ്ടിച്ച് കെ.വി.തോമസിനെ ഇരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നാണ് ജയരാജനും സി പി എമ്മും കരുതുന്നത്. ആ കെണിയിൽ വീഴാൻ കോൺഗ്രസുകാരെ കിട്ടില്ല.
കെ.വി.തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചാൽ അത് പാർട്ടി പരിശോധിക്കും. അല്ലാതെ ഒരാളുടെ വഴി തടഞ്ഞും കൊലവിളി മുഴക്കിയും കോൺഗ്രസുകാർ പ്രതികരിക്കില്ല. പൊതുജനമധ്യത്തിൽ കെ.വി.തോമസിനെ പരിഹാസ്യനാക്കാനാണ് ജയരാജനും കൂട്ടരും ശ്രമിക്കുന്നത്. അവരുടെ മനസിലിരുപ്പറിയാതെ വിഡ്ഢി വേഷം കെട്ടേണ്ടി വരുന്ന കെ.വി.തോമസിനോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
സി പി എം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ട യഥാർത്ഥ വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിച്ചുവിടാനാണ് കെ.വി.തോമസിനെ ക്ഷണിച്ച് സിപിഎം സൃഷ്ടിച്ച വിവാദം. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി പി എമ്മിനകത്തുള്ള ആശയ സംഘർഷവും, കോടികൾ ധൂർത്തടിച്ച് പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കുന്നതിൽ പാർട്ടി അണികൾക്കിടയിലുള്ള എതിർപ്പുമൊക്കെ മറച്ചു വെക്കാനാണ് സി പി എം നേതൃത്വം ശ്രമിക്കുന്നത്. കെ.വി.തോമസല്ല ഈ നാട്ടിലെ നീറുന്ന വിഷയമെന്ന ബോധ്യമാണ് ആദ്യമുണ്ടാകേണ്ടതെന്ന് മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു.


