ദമ്മാം: മലയാളി യുവാവിനെ ദമ്മാമിലെ ജോലിസ്ഥലത്തിന് സമീപം ജീവനൊടുക്കിയ നിലയിൽ. പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത് വടക്കേതിൽ രാജേഷി (39)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് റൂം വിട്ടിറങ്ങി പോയ ഇദ്ദേഹത്തെക്കുറിച്ച് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചു വരുന്നതിനിടയിലാണ് ജോലി സ്ഥലത്തിനടുത്ത് നിർമ്മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഒമ്പത് വർഷമായി ഒരു സ്വകാര്യ ജെ.സി.ബി കമ്പനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഭാര്യ: രശ്മി, അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. ദമ്മാം മെഡിക്കൽ കൊമ്പ്‌ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു