ഭുവനേശ്വർ: ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനു പിന്നാലെ കർണ്ണാടക ധർവാഡ് ജില്ലയിലെ ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളുടെ കടകൾ ഹിന്ദുത്വ പ്രവർത്തകർ തകർത്തു. നഗ്ഗിക്കേരി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം തണ്ണിമത്തൻ വിൽപ്പന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ഹിന്ദുത്വ സംഘടനയായ ശ്രീ രാമ സേനാ പ്രവർത്തകർ തകർത്തത്.

പരിസരത്തെ മുസ്ലിം വ്യാപാരികളെ ഒഴിപ്പിക്കണെന്ന് പ്രവർത്തകർ ക്ഷേത്ര ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാകാതെ വന്നതോടെയാണ് പ്രവർത്തകർ നേരിട്ടെത്തി അക്രമം നടത്തിയത്. കാവി നിറത്തിലുള്ള സ്‌കാർഫ് ധരിച്ചെത്തിയ സേനാ പ്രവർത്തകർ ഉന്തുവണ്ടികളും തണ്ണിമത്തൻ ഉൾപ്പെടെയുള്ള സാധനങ്ങളും നിലത്തെറിഞ്ഞ് നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

15 ദിവസം മുമ്പാണ് ക്ഷേത്ര ഭാരവാഹികൾക്ക് ശ്രീ രാമ സേനാ പ്രവർത്തകർ മുസ്ലിം വ്യാപാരികളുടെ ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നൽകിയത്. ഭാരവാഹികൾ ഇത് നടപ്പിലാക്കാതെ വന്നതോടെ സംഘം സ്ഥലത്ത് എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമത്തിൽ 8,000 രൂപയിലധികം നഷ്ടമുണ്ടായതായി സ്ഥത്തെ ഒരു വ്യാപാരി പറഞ്ഞു. 15 വർഷത്തോളമായി സ്ഥലത്ത് കച്ചവടം ചെയ്യുന്ന വ്യാപാരിയാണ് താനെന്നും, ആരും ഇതുവരെ കച്ചവടത്തെ എതിർത്തിട്ടില്ലെന്നും വ്യാപാരി പറയുന്നു. അക്രമി സംഘം പരിസരത്തുണ്ടായിരുന്ന ആളുകളോട് മുസ്ലീങ്ങളിൽ നിന്ന് ഒന്നും വാങ്ങരുതെന്നും പറയുന്നാണ്ടിരുന്നു.

അക്രമത്തെക്കുറിച്ച് ക്ഷേത്ര കമ്മിറ്റിയോട് അന്വേഷിച്ചപ്പോൾ തിരക്കുള്ള ദിവസമായതിനാൽ പുറത്തെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികരണം. അഹിന്ദുക്കളുടെ കടകൾ അനുവദിക്കരുതെന്ന് സംഘം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമികൾക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്.