അബുദാബി: മരുമകളുടെ മർദ്ദനമേറ്റ് മരിച്ച റൂബി മുഹമ്മദിന്റെ ഓർമ്മകളും മകൻ സഞ്ജു മഹുമ്മദിന്റെ വേദനകളും പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നു. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഗൾഫിൽ എത്തിയ ഉമ്മയാണ് മരുമകളുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സൗദി അതിർത്തിപ്രദേശമായ ഗയാത്തിയിലാണ് സംഭവം നടന്നിരിക്കുന്നത്.

എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ മകൻ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്ന (23) യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനായ റൂബിയുടെ മകൻ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓൺലൈനിലൂടെയാണ് ഷജ്നയുമായുള്ള വിവാഹം നടന്നിരുന്നത്. ഇതേതുടർന്ന്, ഫെബ്രുവരി 15 ന് അമ്മയെയും ഭാര്യയയെും സന്ദർശക വിസയിൽ ജോലിസ്ഥലത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ എത്തിയതിന് ശേഷമായിരുന്നു സഞ്ജു ഭാര്യയെ ആദ്യമായി കണ്ടത് പോലും.

കഴിഞ്ഞ രണ്ട് ദിവസമായി റൂബിയും ഷജ്നയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അത് അത്ര ഇഷ്ടമായിരുന്നില്ല. തന്നെ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്നയുടെ പരാതി.

രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയൽപക്കത്തുള്ളവർ വാതിലിൽ തട്ടിയപ്പോൾ സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയിൽപിടിച്ച് ഷജ്ന തറയിൽ അടിക്കുന്നതാണ് കണ്ടത്. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

'എനിക്ക് ഇവിടെ നിൽക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ' എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി. ഷജ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനോട് കുറ്റസമ്മതവും നടത്തി.

ആദ്യ ഭർത്താവ് സ്ഥിരം മദ്യപനായിരുന്നുതിനാലാണ് വിവാഹമോചനം നേടിയതെന്നായിരുന്നു ഷജ്ന തന്നോട് നേരത്തെ പറഞ്ഞിരുന്നതെന്ന് സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപോയി. സംഭവത്തിൽ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ഉമ്മയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി പിതാവിന്റെ ഖബറിടത്തിനരികിൽ സംസ്‌കരിക്കണമെന്നായിരുന്നു സഞ്ജുവിന്റെ ആഗ്രഹം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനിടെയാണ് വിഷയം പരാമർശിച്ച് സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ കുറിപ്പ് ഏവരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതായി മാറിയത്.

''ഇന്നലെ അയച്ച മയ്യത്ത് കഴിഞ്ഞ ആഴ്ച മരുമകൾ ഷജ്നയുടെ അടിയേറ്റ് മരിച്ച റൂബി മുഹമ്മദിന്റെതായിരുന്നു.കുറച്ച് നേരം ആ ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.ഇത്തരം സംഭവങ്ങൾ നടക്കുന്നത് പരിശുദ്ധ റമളാൻ മാസത്തിലാണെന്ന് ഓർക്കണം.

മനുഷ്യനെ സ്‌നേഹിക്കാൻ പഠിപ്പിച്ചതും കുടുബബന്ധങ്ങൾ കൂടുതൽ കൂടുതൽ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓർമ്മപ്പേടുത്തുന്ന മാസം.മനസ്സും,ശരീരവും കൊണ്ട് ലോക രക്ഷിതാവിന് ഇബാദത്ത് ചെയ്യേണ്ട മാസം.

ഇതൊന്നും മനസ്സിലാക്കാതെ കുടുംബത്തിലുണ്ടാകുന്ന ചില പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്നതിന് പകരം വാശിയിലൂടെയും, വൈര്യാഗ്യത്തോടെയും ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്..മുതിർന്നവർ കുടുംബത്തിലുണ്ടാകുന്നത് എത്രയോ നല്ലതാണ്.അവർ നമ്മുക്ക് നഷ്ടപ്പെടുമ്പോഴാണ് അവരുടെ യഥാർത്ഥ വില തിരിച്ചറിയു.

ഇന്നലെ ആ ഉമ്മായുടെ ചിരിച്ചോണ്ട് കിടക്കുന്ന മുഖം കണ്ടപ്പോൾ അറിയാതെ മനസ്സ് വേദനിച്ച് പോയി.ഇനിയും എത്രക്കാലം ഈ ദുനിയാവിൽ ജീവിക്കേണ്ടവർ, നിസ്സഹാനായി നിന്ന് പൊട്ടികരയുന്ന മകൻ സജു.വല്ലാത്ത അവസ്ഥയാണ് സജുവിന്റെത്.തന്റെ പരലോക ജീവിതത്തിൽ സ്വർഗ്ഗത്തിന്റെ അവകാശം തരേണ്ട സ്വന്തം ഉമ്മാനെ,തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ ഭാരൃ തല്ലി കൊന്നു. എങ്ങനെ സഹിക്കുവാൻ കഴിയും ആ പൊന്നുമോന്.സമാധാനിപ്പിക്കാൻ വാക്കുകളെ പരതുകയായിരുന്നു ഞാൻ.

മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നമ്മുടെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു.മാതാപിതാക്കളിൽ ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക.റബ്ബേ ചെറുപ്പത്തിൽ ഇവർ ഇരുവരും നമ്മളെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് പറയുവാൻ പരിശുദ്ധ ഖുർ ആൻ നമ്മളോട് കർശനമായി പറഞ്ഞിരിക്കുന്നു'' കുറിപ്പിൽ അഷറഫ് പറയുന്നു.