എലിക്കുളം: ഭാര്യയുടെ കഴുത്തുവെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുടുംബവഴക്കിനെത്തുടർന്ന് കറിക്കത്തികൊണ്ട് ഭാര്യയുടെ കഴുത്ത് മുറിക്കാൻ ശ്രമിച്ച എലിക്കുലം മല്ലികശ്ശേരി കണ്ണമുണ്ടയിൽ ബിനോയി ജോസഫി(48)നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം. കിടപ്പുമുറിയിൽവെച്ച് ജോസഫ് ഭാര്യ സിനി(44)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു. അമ്മയുടെ നിലവിളികേട്ട് അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന ആൺമക്കൾ ഓടിയെത്തുകയും അവർ അയൽവാസികളെ വിവരമറിയിക്കുകയും ചെയ്തു. അയൽവാസികളാണ് സിനിയെ ആശുപത്രിയിലാക്കിയത്. സിനിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനിക്ക് രാത്രിതന്നെ ശസ്ത്രക്രിയ നടത്തി.

രാത്രിതന്നെ ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിനോയി സംശയരോഗിയാണെന്നും നിരന്തരം വഴക്കുണ്ടാക്കുമെന്നും മൊഴി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. എൻ.ബാബുക്കുട്ടൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ്, എസ്‌ഐ. ടി.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഞായറാഴ്ച വീട്ടിലെത്തിച്ച് തെളിവെടുത്തു.