- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം; സാധ്യത പാക്കിസ്ഥാൻ മുസ്ലിം ലീഗ് പാർട്ടി അധ്യക്ഷൻ ഷഹബാസ് ഷരീഫിന്
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പാർട്ടി അധ്യക്ഷൻ ഷഹബാസ് ഷരീഫ് (70), ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹരീക് ഇ ഇൻസാഫിലെ മെഹമൂദ് ഖുറേഷി (31) എന്നിവരാണ് മത്സരത്തിലുള്ളത്. ഷഹബാസ് ഷരീഫിനാണ് സാധ്യത കൽപ്പിക്കുന്നത്. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് രാജ്യം പുതിയ പ്രധാനമന്ത്രിയെ തേടുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-നാണ് ദേശീയ സഭയിൽ വോട്ടെടുപ്പ്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുൾപ്പെടെ ഇമ്രാനെ എതിർത്ത എല്ലാ കക്ഷികളുടെയും സംയുക്ത സ്ഥാനാർത്ഥിയാണ് അദ്ദേഹം. ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു മെഹമൂദ് ഖുറേഷി. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ വിദേശകാര്യ മന്ത്രിയായേക്കുമെന്നാണ് സൂചന.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം.അതേസമയം വിവാദങ്ങളിൽപ്പെട്ട ബാസ് ഷരീഫിന്റെ പത്രിക തള്ളണമെന്ന് പി.ടി.ഐ. ആവശ്യപ്പെട്ടെങ്കിലും ദേശീയസഭ സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ദേശീയസഭയിൽനിന്ന് പി.ടി.ഐ. അംഗങ്ങൾ കൂട്ടരാജിവെക്കുമെന്ന് മുൻ വിവരവിനിമയ മന്ത്രിയും പി.ടി.ഐ. നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു. വിദേശശക്തികളുടെ പാവയാണ് ഷഹബാസ് ഷരീഫെന്നും 1400 കോടിരൂപയുടെ തട്ടിപ്പുകേസിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുന്നുണ്ടെന്നും ഫവാദ് ചൗധരി ആരോപിച്ചു. പ്രതിഷേധസൂചകമായാണ് പി.ടി.ഐ. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
പുരോഗമനവാദികളും മൗലികവാദികളും അടങ്ങുന്ന വിവിധ കക്ഷികളാണ് ഇമ്രാനെതിരായി രൂപംകൊണ്ട പ്രതിപക്ഷനിരയിലുള്ളത്. എത്രകാലം ഈ ഐക്യം നിലനിർത്താൻ കഴിയുമെന്നതാണ് പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുക. നാടകീയമായ ഒട്ടേറെ സംഭവങ്ങൾക്ക് ശേഷം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് ദേശീയസഭയിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് നടന്നത്. 342 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 172 വോട്ടുകളാണ് വേണ്ടിയിരുന്നത്. പി.ടി.ഐ. അംഗങ്ങൾ വിട്ടുനിന്നതോടെ 174 പേരുടെ പിന്തുണയോടെ പ്രമേയം പാസായി. ഉടൻതന്നെ ഇമ്രാൻ പ്രധാനമന്ത്രിയുടെ വസതിയൊഴിഞ്ഞു.