വള്ളിക്കുന്ന്: ഡൗൺലോഡ്‌ചെയ്ത ആപ്പ് വഴി 3,501 രൂപ വായ്പയെടുത്ത യുവാവ് വെട്ടിലായി. പണം തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പും ഭീഷണിയും തുടരുകയാണ്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ യുവാവ് ഇതു സംബന്ധിച്ച് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി്.

കഴിഞ്ഞ ഏപ്രിൽ നാലിനാണ് ആപ്പ് വഴി വായ്പയെടുത്തത്. ദിവസത്തിന് 0.5% തോതിലാണ് പലിശ നിശ്ചയിച്ചത്. വായ്പയെടുത്തതിന്റെ നാലാംദിവസം പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ വന്നു. ഹിന്ദി കലർന്ന ഉത്തരേന്ത്യൻ ഭാഷ സംസാരിക്കുന്ന ഫോൺവിളിയിൽ സ്ത്രീയും പുരുഷനും സംസാരിച്ചതായി യുവാവ് പറയുന്നു. ഇവർ ആവശ്യപ്പെട്ട പ്രകാരം വായ്പയെടുത്ത പണം മുഴുവൻ ഗൂഗിൾപേ വഴി അയച്ചുകൊടുത്തു. അതിന്റെ സ്‌ക്രീൻഷോട്ടും അയച്ചു.

തൊട്ടടുത്ത ദിവസങ്ങളിലും വീണ്ടും മറ്റുനമ്പറുകളിൽനിന്ന് വിളിച്ചു. പണം കിട്ടിയിട്ടില്ലെന്നും ഉടനെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുവാവ് ഒരുതവണകൂടി 3,501 രൂപ അയച്ചു. വീണ്ടും ശബ്ദസന്ദേശമായും വാട്‌സാപ്പ് സന്ദേശമായും ഒന്നിലധികം നമ്പറിൽനിന്ന് പണമാവശ്യപ്പെട്ടു. ഇതോടെയാണ് ചതിയാണെന്ന് മനസ്സിലായത്. ഏപ്രിൽ ഒൻപതിന് യുവാവിന്റെ വാട്‌സാപ്പ് ഡി.പി. മോർഫ്‌ചെയ്ത് നഗ്‌നചിത്രമാക്കി പരിചിത നമ്പറുകളിലേക്ക് അപകീർത്തിപ്പെടുത്തുന്ന പരാമർശത്തോടെ പ്രചരിപ്പിച്ചു. ഇതോടെയാണ് യുവാവ് ഞായറാഴ്ച പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്.