കണ്ണൂർ: കൈക്കൂലിയും പിടിച്ചുപറിയും ഗുണ്ടായിസവും നടത്തുന്ന പൊലീസുകാരെ നാം സാധാരണ സിനിമകളിലും പൊതുജീവിതത്തിലും കാണാറുണ്ട്. എന്നാൽ വളരെ നിശബ്ദമായി ജീവകാരുണ്യപ്രവർത്തനം നടത്തുന്ന മനുഷ്യസ്നേഹികളും ഇക്കൂട്ടത്തിലുണ്ട്. അവരുടെ നന്മയെ പൊതുവെ ആരും കാണാറില്ലെന്ന് മാത്രം.

സാധാരണയായി പൊലിസുകാർ മറ്റുവീടുകളിൽ കയറിപോകുന്നത് സമൻസ് കൊടുക്കാനും പാസ്പോർട്ട് വെരിഫിക്കേഷനും പ്രതികളെ പിടികൂടാനും അതിർത്തി തർക്കം പരിഹരിക്കാനുമൊക്കെയാണ്. നാട്ടിൽ നടക്കുന്ന മറ്റുകാര്യങ്ങളിൽ ഇടപെടാൻ ഇവർക്ക് ജോലിഭാരവും സമയകുറവും കാരണം കഴിയാറുമില്ല. എന്നാൽ സ്വന്തം വീടിനരികെ തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകൾക്കും സ്വന്തം കാശുമുടക്കി വീടെടുത്തു നൽകി നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കണ്ണൂർ ചക്കരക്കൽ മുതുകുറ്റിയിലെ പൊലിസുകാരനും കുടുംബവും. സ്വന്തം അധ്വാനത്തിൽ നിന്നും മിച്ചം പിടിച്ച തുകയിൽ നിന്നും വായ്പയെടുത്തുമാണ് ഇവർ വീടില്ലാത്ത വയോധികയ്ക്കും മകൾക്കും ലക്ഷങ്ങൾ മുടക്കി തലചായ്ക്കാനൊരിടം നിർമ്മിച്ചു നൽകിയത്.

കണ്ണൂർ ടൗൺ സ്റ്റേഷനിലെ എഎസ്ഐ സി.കെ സുജിത്തും ഭാര്യ താവക്കര യു.പി. സ്‌കൂളിലെ പ്യൂൺ സുധയും ചേർന്നാണ് അയൽവാസിയും ബന്ധുവുമായ പ്രസന്നയ്ക്ക് ചക്കരക്കൽ മുതുകുറ്റിയിൽ സ്വന്തം വീടിനരികെ തന്നെ ഇവർക്ക് പുതിയ വീട് വെച്ചുകൊടുത്തത്. നേരത്തെയുണ്ടായിരുന്ന തറവാട് വീട് ഇവർക്ക് ഭാഗം വെച്ചപ്പോൾ മറ്റൊരാൾക്ക് ലഭിച്ചതിനാൽ ഇവർക്ക് നഷ്ടമായിരുന്നു. ഇതോടെ വയോധികയും മകളും പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന അവസ്ഥയായി.

ഇക്കാര്യം മനസിലാക്കിയാണ്ഇവരുടെ സ്ഥലത്തു തന്നെ ഇഷ്ടമുള്ള പ്ലാനിൽ വീടുവെച്ചുകൊടുക്കാൻ തീരുമാനിച്ചതെന്ന് സുജിത്ത് പറഞ്ഞു. നിർമ്മാണ ചെലവോ മറ്റു കാര്യങ്ങളോ നോക്കിയില്ലെന്നും വീടൊരുക്കുക മാത്രമായിരുന്നു ആത്യന്തിക ലക്ഷ്യമെന്നുംഇദ്ദേഹം പറഞ്ഞു.കഴിഞ്ഞ കോവിഡ് അടച്ചു പൂട്ടലിലാണ് വീടുനിർമ്മാണമാരംഭിച്ചത്. രണ്ടുവർഷമെടുത്താണ് പൂർത്തീകരിച്ചത്.

കഴിഞ്ഞ ദിവസം വീടിന്റെ താക്കോൽ ദാനം ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കോടേരി, സുജിത്തിന്റെ മക്കളായ ദേവിക, മധുവന്തി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ദേശീയ അദ്ധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ചടങ്ങിൽ പങ്കെടുത്തു.