ലോകത്തിലെ നമ്പർ വൺ ആക്രാന്ത രാഷ്ട്രീയക്കാരൻ! രാഷ്ട്രീയ ഇന്നിങ്്സിൽ ക്ലീൻബൗൾഡ് ആയ ഇമ്രാൻഖാന് പകരം, പാക് പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്ന ഷഹബാസ് ഷരീഫിനെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നുതവണ പ്രധാനമന്ത്രിയായ പാക് രാഷ്ട്രീയത്തിലെ അതികായനായ നവാസ് ഷെരീഫിന്റെ സഹോദരന്, പക്ഷേ പ്രണയം രാഷ്ട്രത്തോടല്ല, പണത്തോടാണെന്നാണ് പൊതുവെയുള്ള സംസാരം. ശ്രീലങ്കയെ കുത്തുപാളയെടുപ്പിച്ച രാജപക്സെ കുടുംബത്തെപ്പോലെ, അഴിമതികൾക്കും സാമ്പത്തിക വെട്ടിപ്പുകൾക്കും കുപ്രസിദ്ധമാണ് ഷെരീഫ് കുടുംബം. ശ്രീലങ്കക്ക് സമാനമായ സാമ്പത്തിക കൂഴപ്പങ്ങളിലൂടെയാണ് പാക്കിസ്ഥാനും ഇപ്പോൾ കടന്നുപോകുന്നത്.

700 കോടിയുടെ കള്ളംപ്പണം വെളിപ്പിക്കൽ കേസിൽ ജയിലായ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് നമുക്ക് സങ്കൽപ്പിക്കാന കഴിയുമോ. എന്നാൽ പാക്കിസ്ഥാൻ ജനത അതുമായി പൊരുത്തപ്പെടുകഴിഞ്ഞു. ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് ഷഹബാസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കള്ളപ്പണക്കേസ് അടക്കം നിരവധി അഴിമതിക്കേസുകൾ നിലനിൽക്കുന്നതിനാൽ, ഇലക്ഷൻ കമ്മീഷൻ മത്സരിക്കുന്നതിന് അയോഗ്യനാക്കിയതിനെ തുടർന്നാണ്, നവാസ് ഷെരീഫ് മാറിനിന്ന്, 70കാരനായ തന്റെ സഹോദരനെ രംഗത്ത് ഇറക്കിയത്. ഇവിടെയും ശ്രീലങ്കയുമായുള്ള സാമ്യം വീണ്ടും പ്രകടമാണ്. കാരണം, രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള ഭരണഘടനാപരമായ വിലക്ക് ഉള്ളതുകൊണ്ടാണ്, മഹീന്ദ രാജപക്സെ തന്റെ സഹോദരൻ ഗോതബായ രാജപക്സെയെ പ്രസിഡന്റ് ആക്കുന്നത്.

രാജപക്സെ കുടുംബത്തെപോലെ തന്നെ അധികാരത്തിന്റെ ഇടനാഴികളിൽ ദല്ലാൾമ്മാരായി ഷെരീഫ് കുടുംബും ഉണ്ട്. കുപ്രസിദ്ധമായ പനാമ പേപ്പേഴ്സിൽ പറയുന്നത് ഷെരീഫിന്റെ മകൾ സ്വന്തമായി ദ്വീപുവരെ വിലകൊടുത്ത് വാങ്ങിയിട്ടുണ്ടെന്നാണ്. ഇന്ത്യയിലെ യു.പിപോലെ പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന പഞ്ചാബ് എന്ന, രാജ്യത്തിന്റെ പകുതിയോളം ജനസംഖ്യയുള്ള സംസ്ഥാനത്ത്, മൂന്നുവട്ടം മുഖ്യമന്ത്രിയായി ഷഹബാസ് ഷെരീഫും സമ്പാദിച്ച് കൂട്ടിയത് കോടികളാണ്. പക്ഷേ രാജപക്സെ കുടുംബത്തിൽനിന്ന് വ്യത്യസ്തമായി പാക്കിസ്ഥാനിലെ പ്രതികാര രാഷ്ട്രീയം മൂലം ഷെരീഫ് കുടുംബം ജയിൽവാസം അടക്കം കുറച്ച് അനുഭവിച്ചിട്ടുണ്ടെന്ന് മാത്രം.

എല്ലാവരുടെയും സ്വന്തക്കാരൻ

പാക്കിസ്ഥാൻ രാഷ്ട്രപിതാവ് ജിന്നയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുമെന്ന് പറഞ്ഞാണ് ഇമ്രാനെപ്പോലെ ഷഹബാസ് ഷെരീഫും അധികാരത്തിൽ ഏറുന്നത്. സത്യത്തിൽ ജിന്നയുടെ മുസ്ലീലീഗിന്റെ പാരമ്പര്യം, ഷെരീഫിന്റെ പാർട്ടിക്കാണ്. പാക്കിസ്ഥാൻ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് മിയാ മുഹമ്മദ് ഷഹബാസ് ശരീഫ്. പാക്കിസ്ഥാൻ മുസ്ലിം ലീഗ് പല പിളർപ്പുകൾക്കുശേഷം ബ്രാക്കറ്റിൽ നവാസ് ഷെരീഫിന്റെ എൻ അക്ഷരവുമായി നിൽക്കുന്നു. പി എം എൽ-എൻ എന്നാണ് ഇപ്പോൾ പാർട്ടിയുടെ പേര്. അഴിമതിയുടെ ഉസ്താദ്മാർ ആണെങ്കിലും എല്ലാവർക്കും സുസമ്മതർ ആയിരുന്നു ഷെരീഫ് കുടുംബം.

നവാസ് ഷെരീഫ് അധികാരത്തിൽ ഇരുന്നപ്പോൾ ഇന്ത്യയുമായുള്ള ബന്ധം ഒരിക്കലും വഷളായിരുന്നില്ല. ലാഹോർ ബസ് സർവ്വീസ് ഉൾപ്പടെ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിൽ സൗഹൃദപരമായ നിരവധി നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇക്കാലത്താണ്. തഞ്ചത്തിന് അനുസരിച്ച് രാഷ്ട്രീയ കാർഡുകൾ ഉയത്തുമെങ്കിലും. പ്രധാനമന്തി ആയതിനുശേഷമുള്ള ആദ്യ പാർലിമെന്റ് പ്രസംഗത്തിൽ തന്നെ ഷഹബാസ് കാശ്മീർ എടുത്തിട്ടതും നോക്കുക. കാർഗിൽ യുദ്ധവും നവാസ് ഷെരീഫിന്റെ കാലത്തായിരുന്നുവെന്നത് മറക്കാൻ കഴിയില്ല. പക്ഷേ സിയ ഉൾ ഹഖിനെയോ ബേനസീറിനെയോപോലെ കടുത്ത ഒരു ഇന്താ വിരുദ്ധർ ആയിരുന്നില്ല ഷരീഫ് കുടുംബം.

പാക് സൈന്യത്തിന്റെ കടുത്ത ശത്രുക്കൾ ആയിരുന്നു ഭൂട്ടോ- ഷെരീഫ് കുടുംബം. എന്നാൽ ഷഹബാസ് സൈന്യത്തിന്റെയും വേണ്ടപ്പെട്ടവാനാണ്. അതുപോലെ ചൈനയുടെയും പ്രസിഡന്റ് ഷീ ജിൻപിങിന്റെയും അടുത്ത സുഹൃത്തുകൂടിയാണ് ഇദ്ദേഹം. ഷഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരുപ്പോഴാണ് അവിടെ ചൈന ഏറ്റവും കൂടുതൽ മുതൽ മുടങ്ങിയത്. പാക് വ്യവസായ ലോകം മുൻ ചേംബർ ഓഫ് കൊമേഴ്സ് അധ്യക്ഷൻ കൂടിയായ ഇദ്ദേഹത്തെ എഴുനേറ്റ് നിന്ന് കൈയടിച്ച് സ്വാഗതം ചെയ്യുന്നു. അമേരിക്കയ്ക്കും ഷഹബാസിനോട് എതിർപ്പില്ല. അതുപോലെ പാക്കിസ്ഥാന്റെ എക്കാലത്തെയും വലിയ ശാപമായ വിവിധ മതഗ്രൂപ്പുകളെയും, ഇസ്ലാമിക മൗലികവാദികളുടെയുമൊക്കെ അടുപ്പക്കാരനാണ് ഷഹബാസ്. മുതലാളിമാർ മുതൽ താലിബാനെ വരെ ഒരുപോലെ കോർഡിനേറ്റ് ചെയ്യാനുള്ള ഈ തന്ത്രം, അദ്ദേഹത്തിന്റെ സഹോദരൻ നവാസിനെ അമ്പരപ്പിക്കുന്നതാണെന്ന്, പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ദ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

ഒരുകാലത്ത് ഷെരീഫ് കുടുംബത്തിന്റെ ബദ്ധശത്രുവായിരുന്ന, ഭൂട്ടോ കുടുംബത്തെയും അവരുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാൻ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ്. ബേനസീറിന്റെ മകൻ ബിലാവൽ ഭൂട്ടോയുടെ മകനുമായി ഷഹബാസ് നടത്തിയ നിരന്തര സംഭാഷണമാണ് മഞ്ഞുരുക്കിയത്. ഇമ്രാന്റെ വളർച്ച തളർത്തുന്നത് ഷെരീഫ് കുടുംബത്തെ എന്ന പോലെ ഭൂട്ടോ കുടുംബത്തെയും കൂടിയാണെന്ന് ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനായി. അങ്ങനെയാണ് ഷഹബാസ് 11 പാർട്ടികളുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാറുന്നത്. മുള്ളു മുരട് മുർഖൻ പാമ്പ് സഖ്യത്തെ നയിച്ചുകൊണ്ടുപോവാൻ ഷഹബാസിനെപ്പോലൊരു തന്ത്രശാലിക്കേ കഴിയൂ എന്നതും യാഥാർഥ്യമാണ്.

വ്യവസായിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്

1951ൽ ലാഹോറിലെ വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ രണ്ടാമത്തെ മകനായാണ് ഷഹബാസ് ജനിച്ചത്. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ജ്യേഷ്ഠൻ. അടിസ്ഥാനപരമായി ഈ കുടുംബം കാശ്മീരികളാണ്. ആദ്യം അനന്ത് നാഗിലും പിന്നീട് അമൃത്സറിലും വേരുകളുള്ള ഷരീഫ് കുടുംബം വിഭജനകാലത്ത് ലാഹോറിലേക്ക് മടങ്ങുകയായിരുന്നു.

മക്കൾ ജനിക്കുന്ന കാലത്തുതന്നെ വ്യവസായി എന്ന നിലയിൽ മുഹമ്മദ് ഷെരീഫ് പേരെടുത്തിരുന്നു. നവാസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാഖ് ഗ്രൂപ്പ് എന്ന സ്റ്റീൽ ഫാക്ടറിയുടെ നടത്തിപ്പിൽ മാത്രമായിരുന്നു. നവാസ് ഷരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീൽ വ്യവസായത്തിൽ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോർ ചേംബർ ഓഫ് കൊമേഴ്സ് നേതൃസ്ഥാനത്തുമെത്തി.

1988 ൽ ബിസിനസ് ഉപേക്ഷിച്ച് ഷഹബാസ് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുന്നു. ജ്യേഷ്ഠൻ നവാസിന്റെ വിജയങ്ങൾ തന്നെയായിരുന്നു മാതൃക. ആ വർഷം തന്നെ ഷഹബാസ് പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് ജയിച്ചു കയറി. 1990 ൽ ആദ്യമായി നാഷണൽ അസംബ്ലിയിൽ എത്തുന്ന ഷഹബാസ്, 1993 ൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവാകുന്നു്. 1997 ൽ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയാവുന്നു. പഞ്ചാബ് പ്രവിശ്യയിൽ ഏവരെയും ഞെട്ടിച്ച് വികസനത്തിന്റെ പാത വെട്ടാൻ അദ്ദേഹത്തിനായി. ഇതിന് സഹായിച്ചത് ചൈനയുമായുള്ള നല്ല ബന്ധമായിരുന്നു. പഞ്ചാബിന്റെ പല ഭാഗങ്ങളിലും ചൈനയുടെ സഹായത്തോടെ വലിയ റോഡുകളാണ് പടുത്തുയർത്തിയത്. ഇതിൽനിന്നെല്ലാം ഷെരീഫ് കുടുംബം വൻ തോതിൽ കമ്മീഷൻ അടിച്ചെന്നും ആരോപണം ഉണ്ട്. ഇങ്ങനെ കിട്ടിയ അഴിമതിപ്പണം, സ്വിസ് ബാങ്കുകളിൽ അടക്കം നിക്ഷേപിച്ചുവെന്നതാണ് പനാമ പേപ്പറുകളിലൊക്കെ കാണുന്നത്.

പക്ഷേ ഷെരീഫ് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം കൈവിട്ട് പോകുന്നത് 1999ലാണ്.
സൈനിക മേധാവി പർവേശ് മുഷ്റഫിന്റെ നേതൃത്വത്തിൽ രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ഷെഹബാസ് കുടുംബ സമേതം സൗദി അറേബ്യയിലേക്ക് കടന്നു. പിന്നെയങ്ങോട്ട് കോടതി നടപടികളുടെ സമയമായിരുന്നു. എട്ടുകൊല്ലത്തെ പലായനജീവിതത്തിനു ശേഷം 2007 ൽ പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തുന്ന ഷെഹ്ബാസ് ആദ്യം 2008 ലും പിന്നീട് 2013 ലും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുന്നു. പഞ്ചാബിനെ ഏറ്റവും അധികകാലം ഭരിച്ചിട്ടുള്ള മുഖ്യമന്ത്രി ഷെഹബാസ് ശരീഫ് ആണ്. എന്നാൽ, പഞ്ചാബ് ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയും ഇയാൾ തന്നെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

ഇന്ത്യയിൽ യുപി പോലെയാണ് പാക്കിസ്ഥാനിൽ പഞ്ചാബ്. രാജ്യത്തിന്റെ ഹൃദയഭൂമി. ആകെ ജനസംഖ്യയായ 23കോടിയിൽ 11കോടി പഞ്ചാബിനുണ്ട്. പാർലിമെന്റിലെ 272-147പേരാണ് പഞ്ചാബിൽ നിന്നുള്ളവർ. ഇവിടെ മൂന്നുവട്ടം മുഖ്യമന്ത്രിയാതുതന്നെയാണ് ഷഹബാസിന്റെ ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രീയചളിക്കുണ്ടിൽ കടവിറങ്ങി തെളിഞ്ഞ മുനുഷ്യൻ എന്ന് വേണമെങ്കിൽ പറയാം.

ജയിലിൽനിന്ന് അധികാരത്തിലേക്ക്

മുഖ്യമന്ത്രി ആയ അന്നുതൊട്ടേ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഷഹബാസ്. 1998 ൽ ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ, അഞ്ചു മദ്രസ്സ വിദ്യാർത്ഥികളെ എൻകൗണ്ടറിലൂടെ വധിക്കാൻ പൊലീസിനോട് ഉത്തരവിട്ടു എന്ന ആക്ഷേപം അദ്ദേഹത്തിന് നേരെ ഉയർന്നു വന്നു. ഈ ആരോപണം അയാൾ പക്ഷേ അന്നും ഇന്നും നിഷേധിക്കുന്നുണ്ട്. പനാമ പേപ്പേഴ്സ് ചോർന്ന സമയത്ത് അതിലും ഷഹബാസ് ഷെരീഫിന്റെ പേരുണ്ടായിരുന്നു.

പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം 140 പ്രമുഖ രാഷ്ട്രീയ നേതാക്കളുള്ള അഴിമതിക്കാരുടെ ലിസ്റ്റിൽ തങ്ങളുടെ നേതാക്കൾ ഉണ്ടായത് പക്ഷേ പാക്കിസ്ഥാനിൽ ഞെട്ടൽ ഉണ്ടാക്കിയില്ല. അവർ അത് പ്രതീക്ഷിച്ചതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അർജന്റീനയുടെ ഫുട്ബോൾതാരം ലയണൽ മെസ്സി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ കുടുംബത്തിന്റെ കമ്പനികൾ, ഐസ്ലാന്റ് പ്രധാനമന്ത്രി സിഗ്മുന്ദുർ ഡേവിഡ് ഗുൻലൗഗ്സൺ എന്നിവരും ലിസ്റ്റിലുള്ള പ്രമുഖരാണ്. അമിതാഭ് ബച്ചൻ, ഐശ്വര്യാ റായ് ബച്ചൻ, അനുരാഗ് കെജ്രിവാള്, വിനോദ് അദാനി എന്നിവരാൺ പനാമ പേപ്പറിൽ പേരു വന്ന പ്രമുഖ ഇന്ത്യക്കാർ.

എട്ട് ഓഫ്‌ഷോർ കമ്പനികൾ ഷെഹബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്സ് സൂചിപ്പിച്ചത്. സെന്റ്കിറ്റ്സിലെ ഒരു ദ്വീപ് ഷെരീഫ് കുടുംബം വിലക്കുവാങ്ങി എന്നത് കേട്ട് പലരും നടുങ്ങിപ്പോയി. 2019 ൽ പാക്കിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികൾ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കൾ ആണ് ഷഹബാസ് ഷരീഫിന്റെയും മകന്റെയും പേരിൽ ഉണ്ടെന്നാണ്. 2019 ഡിസംബറിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഷഹബാസിനെയും മകൻ ഹംസ ഷരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. ഷെരീഫിന്റെ മരുമകൻ ഹാറൂൺ യൂസഫിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വഴിയാണ് ഇടപാടുകൾ നടത്തിയത്. ഇപ്പോഴും ഷഹബാസിന്റെ വലം കൈയാണ് കൊടിയ അഴിമതിക്കാരനായ ഈ മരുമകൻ. ഷഹബാസിനെ ഇയാൾ വല്ലാതെ വഴിതെറ്റിക്കുന്നുവെന്ന് കുടുംബത്തിന് അകത്തുനിന്നുതന്നെ പരാതിയുണ്ട്. ജയിലിൽ ആയതോടെ 2020 നവംബറിൽ ഉമ്മയുടെ ശവസംസ്‌കാര പ്രാർത്ഥനയിൽ പങ്കെടുക്കാൻ പരോളിൽ ഇറങ്ങേണ്ട ഗതികേടുപോലും, ഇന്നത്തെ പാക് പ്രധാനമന്ത്രിക്കുണ്ടായി. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് ഷെരീഫ് കുടുംബം കൈക്കൊണ്ടത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവിൽ വിജയത്തിലുമെത്തി. തികഞ്ഞ കമ്മീഷൻ രാജാണ് ഷെരീഫ് കുടുംബത്തിന്റെ ഭരണത്തിൽ നടന്നത്. ഇതുവെച്ച് നോക്കുമ്പോൾ ശ്രീലങ്കയുമായി വൻ സാമ്യമാണ് ഉള്ളത്. കേസ് ഇപ്പോഴും തുടരുകയാണ്. എഫ്ഐഎയുടെ പ്രത്യേക കോടതി 1400 കോടി പാക്കിസ്ഥാൻ രൂപ വെളുപ്പിച്ചെന്ന കേസിൽ ഷഹബാസിനും ഹംസയ്ക്കും മേൽ വീണ്ടും കുറ്റം ചാർത്താനിരിക്കവേയാണ് അധികാരമാറ്റം ഉണ്ടായിരിക്കുന്നത്.

ഇപ്പോൾ ഷഹബാസ് അധികാരത്തിൽ ഏറിയതോടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ അവധിയിൽ പോയിരിക്കയാണ്. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ലഹോർ യൂണിറ്റ് ഡയറക്ടർ മുഹമ്മദ് റിസ്വാൻ ആണ് ഏപ്രിൽ 11 മുതൽ അനിശ്ചിതകാലത്തേക്ക് പൂർണശമ്പളത്തോടെ അവധിയിൽ പ്രവേശിച്ചത്. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുമ്പോൾ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്നാണ് നീക്കം. അതായത് ഇനി ഷെരീഫ് കുംടബത്തിനെതിരായ കേസുകൾ ആവിയാവുമെന്ന് ചുരുക്കം.

നവാസ് ഷെരീഫ് തിരിച്ചുവരുമോ?

ഷഹബാസ് അധികാരത്തിലേറിയതോടെ എവിടെയും ഉയരുന്ന ചോദ്യം ഈ പാർട്ടിയുടെ തലതൊട്ടപ്പനായ നവാസ് ഷെരീഫ് തിരിച്ചുവരുമോ എന്നതാണ്. സത്യത്തിൽ നവാസിന്റെ കഥപറതാതെ ഷഹബാസിന്റെ ജീവിതകഥ പൂർത്തിയാവില്ല. അനിയന്റെ ജീവിത വിജയത്തിലേക്കുള്ള പാത വെട്ടിത്തെളിയിച്ച് കൊടുത്തത് ജ്യേഷ്ഠനാണ്.

പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന നവാസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അന്നത്തെ പാക് പ്രസിഡന്റായ സിയഉൾഹക്കാണ്. പഞ്ചാബ് ജില്ലാ ഉപദേശക സമിതിയിൽ അംഗമായി ചേർന്നുകൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം 1985 ഏപ്രിൽ 9ന് പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ (1988) നവാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. ഈ തെരഞ്ഞെടുപ്പിലൂടെ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ബേനസീർ ഭൂട്ടോ നവാസിനെ രാഷ്ട്രീയ പ്രതിയോഗിയായി കണ്ടു. സുൾഫിക്കർ അലി ഭൂട്ടോയ്ക്ക് വധശിക്ഷ നൽകിയ സിയഉൾഹക്കിന്റെ വലംകൈ ആയിരുന്നു നവാസ് എന്നതായിരുന്നു ശത്രുതയ്ക്ക് കാരണം. അഴിമതി ആരോപണങ്ങളുടെ പേരിൽ ബേനസീർ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച നവാസ് ആദ്യമായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

1998 ഒക്ടോബറിൽ ഇദ്ദേഹം സീനിയോരിറ്റി മറികടന്നുകൊണ്ടാണ് ജനറൽ പർവേസ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചത്. എന്നാൽ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനുണ്ടായ പരാജയത്തിനുശേഷം ഇരുവരും തമ്മിൽ അകലുകയാണുണ്ടായത്. പാലുകൊടുത്ത കൈക്ക് കൊത്തുന്ന പട്ടാള മേധാവികളുടെ ശീലം ഇവിടെയും ആവർത്തിക്കപ്പെട്ടു. പട്ടാള അട്ടിമറിയിലൂടെ മുഷറഫ് തന്നെ പുറത്താക്കുമെന്ന് ഭയന്ന നവാസ് ഷെരീഫ് 1999 ഒക്ടോബർ 12ന് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. എന്നാൽ ഏറെ നാടകീയമായ ഒരു പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കിയ മുഷറഫ് അധികാരം പിടിച്ചെടുത്തു. മുഷറഫിന്റെ ഉത്തരവ് അനുസരിച്ച് പട്ടാള ടാങ്കുകൾ ഷെരീഫിന്റെ വസതിയിലെത്തി. പ്രധാനമന്ത്രി വീട്ടു തടങ്കലിലായി.പിന്നീട് വിവിധ കേസുകളിലായി 14 വർഷം തടവും 21 വർഷം ഏതെങ്കിലും ഭരണ സ്ഥാപനത്തിന്റെ മേധാവിത്വം വഹിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയെങ്കിലും സൗദി രാജകുടുംബത്തിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്ന് ശിക്ഷ സൗദിയിലേക്കുള്ള നാടുകടത്തലായി ഇളവ് ചെയ്യപ്പെട്ടു. ഇപ്പോൾ ലണ്ടനിലാണ് നവാസ്. വിലക്കുള്ളതുകൊണ്ട് അദ്ദേഹത്തിന് ഇനി പാക്കിസ്ഥാനിൽ മത്സരിക്കാനാവില്ല.

പക്ഷേ ഷെരീഫ് കാണിച്ചുകൊടുത്ത അഴിമതിരാഷ്ട്രീയം അതിനേക്കാൾ ശക്തമായി ഷഹബാസ് കൊണ്ടുപോയി. 2013ലെ ഒരു കണക്ക് അനുസരിച്ച് ഷെഹബാസിന്റെ വെളിപ്പെടുത്തിയ സ്വത്തുക്കൾ 336.9 മില്യൺ പാക്കിസ്ഥാൻ രൂപയായിരുന്നു. തന്റെ ജ്യേഷ്ഠൻ നവാസിനേക്കാൾ സമ്പന്നനാണെന്ന് ഷഹബാസ് എന്നത് അന്നേ ശ്രദ്ധിക്കപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഷഹബാസ് സമ്പാദിച്ചുകൂട്ടിയ സ്വത്തുകൾ ഇരുപത്തിഅയ്യായിരം കോടി രൂപയുടേതാണെന്നാണ് അനൗദ്യോഗിക വിവരം.

അതായത് അഴിമതിയുടെ കാര്യത്തിൽ അനിയൻ ചേട്ടനെ കടത്തിവെട്ടിയെന്ന് ചുരുക്കം. 73വയസ്സുള്ള നിരവധി രോഗങ്ങളുടെ പിടിയിലായ നവാസ് ഷെരീഫിനേക്കാൾ കരുത്തനാണ് 70കാരനായ സഹോദരൻ. സത്യത്തിൽ ഇപ്പോൾ നവാസ് ഷെരീഫിനെ ഈ കുടുംബത്തിന് അത്രയൊന്നും അവശ്യമില്ല എന്നതാണ് യാഥാർഥ്യം.

അൽ അസീസിയ അഴിമതി കേസിൽ ലാഹോറിലെ കോട് ലഖ്പത് ജയിലിൽ ഏഴു വർഷം തടവ് അനുഭവിക്കുകയായിരുന്നു നവാസ് അസുഖം കാണിച്ചാണ് ലണ്ടനിലേക്ക് ചികിത്സാർഥം പോയത്. 2019 നവംബർ മുതൽ അദ്ദേഹം ലണ്ടനിൽ താമസിക്കുന്നത്. അനുജൻ പ്രധാനമന്ത്രിയായിട്ടും ഉടനെയൊന്നും നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് മടങ്ങില്ല എന്നാണ് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നത്. കാരണം ഇത് കോടതിയുടെ കൈയിൽ കിടക്കുന്ന വിഷയമാണ്. മാത്രമല്ല അധികാരം കിട്ടിയതോടെ, നവാസ് ഷെരീഫിന്റെ എല്ലാ അസുഖവും മാറിയെന്ന് വിമർശനം ഇമ്രാൻഖാൻ ഉന്നയിക്കുമെന്നും ഇവർക്ക് നന്നായി അറിയാം.

ഷെരീഫ് കുടുംബത്തിൽ ഭിന്നത

എല്ലാ ബിസിനസ്- രാഷ്ട്രീയ കുടുംബങ്ങളിലും സംഭവിക്കുന്നപോലെ, ഇടയക്ക് ഷെരീഫ് കുടുംബത്തിലും കടുത്ത ഭിന്നതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവാസ് ഷെരീഫിനെ അംഗീകരിക്കുന്ന കുടുംബാഗങ്ങൾ പലരും സഹോദരൻ ഷഹബാസിനെ അംഗീകരിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. നവാസിനുശേഷം അദ്ദേഹത്തിന്റെ മക്കൾക്കാണ് അധികാരം വേണ്ടത് എന്നതും ഭിന്നതയുടെ ഒരു കാരണമാണ്. ഷഹബാസിന്റെ അത്യാഗ്രഹിയും അഴിമതിക്കാരനുമായ മരുമകനെതിരെയും കടുംബത്തിൽ ഭിന്നത ശക്തമാണ്.

നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ഷെരീഫിനെയാണ് ഒരു വിഭാഗം അടുത്ത നേതാവായി ഉയർത്തിക്കൊണ്ടുവരുന്നത്. പിഎംഎൽ(എൻ) വൈസ്പ്രസിഡന്റ് കൂടിയായ ഇവർ. തീപ്പൊരി പ്രസംഗങ്ങളിലുടെയും ട്വീറ്റുകളിലുടെയും പാക്കിസ്ഥാനിൽ ഏറെ ജനപ്രിയയാണ് മറിയം നവാസ്. സ്വന്തം തൊലി സംരക്ഷിക്കുന്നതിന് വേണ്ടി മുഴുവൻ രാജ്യത്തെയും തടവിലിട്ടിരിക്കുന്ന ഒരു സൈക്കോപാത്താണ് ഇമ്രാനെന്നെ മറിയം ട്വീറ്റ് ബിബിസി പോലും വാർത്തയാക്കിയിരുന്നു.

''സെൻസ് നഷ്ടപ്പെട്ട ഒരാളെ ഈ രാജ്യം തകർക്കുന്നതിന് അനുവദിക്കരുത്. ഇത് തമാശയല്ല.പ്രധാനമന്ത്രി എന്ന നിലയിലോ മുൻ പ്രധാനമന്ത്രി എന്ന നിലയിലോ അല്ല ഇയാളെ കൈകാര്യം ചെയ്യേണ്ടത്, പകരം ഒരു മാനസികരോഗി, സൈക്കോപാത്ത് എന്ന നിലയിലാണ്. സ്വന്തം തൊലി സംരക്ഷിക്കുന്നതിന് വേണ്ടി മുഴുവൻ രാജ്യത്തെയും തടവിലിട്ടിരിക്കുന്ന ഒരു സൈക്കോപാത്ത്. ഷെയം,'- ഇങ്ങനെയായിരുന്നു മറിയം നവാസ് ട്വിറ്ററിൽ കുറിച്ചത്.

ഇമ്രാൻ ഖാന് ഇന്ത്യയെ വലിയ ഇഷ്ടമാണെങ്കിൽ അദ്ദേഹം പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പൊയ്‌ക്കോട്ടെ എന്നും മറിയം മറ്റൊരു പ്രതികരണത്തിൽ പറഞ്ഞിരുന്നു. ഇമ്രാൻ ഇന്ത്യയെ പ്രശംസിച്ച് സംസാരിച്ചതിനെ അവർ അങ്ങനെയാണ് ഖണ്ഡിച്ചത്. ബിജെപി പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയും അവർ ഇമ്രാന് ചുട്ട മറുപടി കൊടുത്തു. 'വാജ്‌പേയി ധീരതയോടെ തനിക്കെതിരായ അവിശ്വാസപ്രമേയത്തെ നേരിട്ട് ഒരു വോട്ടിനാണ് തോറ്റത്. തോൽവിക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അല്ലാതെ രാജ്യത്തെയും ഭരണഘടനയെയും താങ്കളെപ്പോലെ ബന്ദിയാക്കിയില്ല'- ട്വിറ്ററിൽ മറിയം നവാസ് കുറിച്ചു. ''ഇന്ത്യയിൽ പ്രധാനമന്ത്രിമാർക്കെതിരെ പലഘട്ടങ്ങളിലായി 27 അവിശ്വാസപ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. അതിൽ മൂന്ന് പ്രധാനമന്ത്രിമാർ തോറ്റു- വാജ് പേയി, വി.പി. സിങ്ങ്, എച്ച്.ഡി. ദേവഗൗഡ എന്നിവർ.''- മറിയം നവാസ് പറയുന്നു. ഇന്ത്യയിൽ പട്ടാളം അധികാരത്തിൽ ഇടപെടുന്നില്ല എന്ന് പറയുന്ന പാക്കിസ്ഥാൻ ഇന്ത്യ കാണിച്ച ഈ ജനാധിപത്യ മാതൃക എന്തൊകൊണ്ട് പിന്തുടരുന്നില്ല എന്നും ചോദിക്കുന്നു.

ഈ രീതിയിൽ ചുട്ട മറുപടികൊടുക്കാനും ഇമ്രാനെ രാഷ്ട്രീമായി പ്രതിരോധിക്കാനും കഴിയുന്നത് മറിയം നവാസിനാണ്. അതുകൊണ്ടുതന്നെ ഹഷബാസിന് പകരം ഭാവിയിൽ അവർ പ്രധാനമന്ത്രിയായാലും അത്ഭുദപ്പെടുത്താനില്ല. നിലവിൽ ഷഹബാസും മറിയവും അത്ര നല്ല രസത്തിലുമല്ല. ഇതും സർക്കാറിന്റെ വീഴ്ചക്കും മോശം പ്രകടനത്തിനും ഇടയാക്കുമെന്നും സംശയമുണ്ട്.

ഇമ്രാന് ജയിലോ കഴുമരമോ?

നാളിതുവരെ ഒരു പ്രധാനമന്ത്രിക്കും കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത നാടാണ് പാക്കിസ്ഥാൻ. മുൻ പ്രധാനമന്ത്രിമാർക്ക് തടവറയും കഴുമരവും കിട്ടുന്നത് ഇവിടെ പുതിയ സംഭവമല്ല. ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ തന്നെ കൊല്ലപ്പെടുകയായിരുന്നു. സിയാവുൾ ഹഖ് തൂക്കിക്കൊന്ന സുൽഫിൽക്കർ അലി ഭുട്ടോയുടെയും, ദുരൂഹമായ വിമാനപകടത്തിൽ കൊല്ലപ്പെട്ട സിയാവുൽ ഹഖിന്റെയും കഥ ഏവർക്കും അറിയാം. അതുപോലെ ബേനസീറും ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിമാർക്ക് നല്ലമരണങ്ങൾ വിധിച്ചിട്ടില്ല എന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഇമ്രാൻഖാന്റെ ഭാവിയെന്താകുമെന്ന് ഇനി കണ്ടറിയണം. ഒന്നുകിൽ കഴുമരം, അല്ലെങ്കിൽ ജയിൽ അതുമല്ലെങ്കിൽ നാടുകടത്തൽ.

പക്ഷേ ഇപ്പോൾ സമവായത്തിന്റെ രീതിയിലാണ് ഷഹബാസ് ഷരീഫ് സംസാരിക്കുന്നത്. പുതിയ സർക്കാർ ആർക്കെതിരെയും പ്രതികാര നടപടികൾ കൈക്കൊള്ളില്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാവർക്കും നീതി ഉറപ്പാക്കും. ഒരാളെയും അനാവശ്യമായി ജയിലിൽ അടയ്ക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും, സർക്കാർ ഒരു തരത്തിലും തെറ്റായി ഇടപെടില്ലെന്നുമാണ് ഷഹബാസ് ഷരീഫ് തന്റെ ആദ്യ പ്രസംഗത്തിൽ പറയുന്നത്.

എന്നാൽ പാക്കിസ്ഥാനിൽ സ്വാതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുന്നുവെന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ശേഷമുള്ള ഇമ്രാൻഖാന്റെ ആദ്യ പ്രതികരണം. പാക്കിസ്ഥാനിൽ ഇന്നും ഏറെ ജനപ്രിയനാണ് ഈ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ. താരമമ്യേന അഴിമതി കുറവായ ഇമ്രാൻ ഭരണത്തിൽ ജനത്തിന് പ്രതീക്ഷകളും ഏറെ ആയിരുന്നു. അതുകൊണ്ടുതന്നെ ലക്ഷങ്ങളാണ് ഇമ്രാന്റെ ഓരോ റാലിയിലും തടിച്ച് കുടുന്നത്. ഷെരീഫ് കുടുംബത്തിന്റെ അഴിമതിക്കഥകൾ ചൂണ്ടിക്കാട്ടി ശക്തമായി കാമ്പയിൻ നടത്തി അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനാണ് ഇമ്രാൻ ശ്രമിക്കുന്നത്.

അതുകൊണ്ടുതന്നെ ഷഹബാസിന്റെ വഴികൾ അത്ര എളുപ്പാമാകാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. മാത്രമല്ല എത് നിമഷവും 11 പാർട്ടികളുടെ സഖ്യത്തിൽ വിള്ളൽ വീഴാം. മുസ്ലിംലീഗിന്റെ പരമ്പാരാഗത വൈരികൾ ആയ ഭൂട്ടോ കുടുംബം ഏത് നിമിഷം വേണമെങ്കിലും തിരിയുമെന്ന് ഉറപ്പാണ്.

മാത്രമല്ല വിദേശനാണ്യ കരുതൽ ശേഖരും വെറും 12 ബില്യൺ ഡോളറിലേക്ക് താഴ്ന്ന് ശ്രീലങ്കക്ക് സമാനമായ പ്രതിസന്ധിയാണ് പാക്കിസ്ഥാനും അനുഭവിക്കുന്നത്. വിലക്കയറ്റം ആകാശംമുട്ടേ ഉയരുന്നു. തൊഴിൽ രഹിതരുടെ എണ്ണം പെരുകുന്നു. കാർഷിക വിലത്തകർച്ചയും തുടരുന്നു. ഇതൊന്നും പരിഹരിക്കാനുള്ള ശാസ്ത്രീയമായ സമീപനങ്ങൾ ഒന്നും തന്നെ പുതിയ സർക്കാറിന്റെയും കൈയിലില്ല.പാക്കിസ്ഥാന്റെ കഷ്ടകാലം ഉടനെയാന്നും അവസാനിക്കില്ല എന്ന് ചരുക്കം.

വാൽക്കഷ്ണം: 80കളിലും 90കളുടെ അവസാനത്തിലുമൊക്കെ പാക്കിസ്ഥാനിൽ ക്രിക്കറ്റ് പര്യടനത്തിന് പോകുന്നവർ പറയുന്നത്, അവിടെ അമ്പയർമാർ പോലും 'കളിക്കും' എന്നായിരുന്നു. ക്ലീൻബൗൾഡ് ആവുകയോ, ഡയറക്ട് ക്യാച്ച് ആവുകയോ ചെയ്താൽ അല്ലാത്ത ഒരു അപ്പീലും പാക്കിസ്ഥാനെതിരെ അനുവദിക്കില്ല. എൽബിഡബ്യുയവും റണ്ണൗട്ടും ഒന്നും അമ്പയർമാർ അനുവദിക്കില്ല. ആ കളരിയിൽ അഭ്യസിച്ച് വന്ന ഇമ്രാനാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം താൻ ബോൾ ടാമ്പറിങ്ങ്് എന്ന പന്തുരയ്ക്കൽ നിരവധി തവണ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചയാളാണ് ഇമ്രാൻ. പക്ഷേ അയാൾഎപ്പോഴും ആണയിടുന്നത് അള്ളയുടെയും പ്രവാചകന്റെയും പേരിലും. മതംകൊണ്ട് മാത്രം മനുഷ്യന് ധാർമ്മികത ഉണ്ടാവില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണവുമാണ്, ജിന്നയുടെ ഈ വിശുദ്ധ നാടിന്റെ അനുഭവം.