- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭീകരവിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനും നഷ്ടങ്ങൾ; ജമ്മു കശ്മീർ ഉൾപ്പെടെ പരിഹാരം കണ്ടെത്തണം; നമുക്ക് സമാധാനം കൊണ്ടുവരാം'; നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശത്തോട് പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുമ്പോഴാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിനും വികസനത്തിനും ഷഹബാസ് ഷരീഫ് ആഹ്വാനം ചെയ്തത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിലും കശ്മീർ വിഷയം ഉൾപ്പെടെ ഷഹബാസ് ഉയർത്തിക്കാട്ടിയിരുന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾക്ക് നന്ദി. ഇന്ത്യയുമായി സമാധാനപൂർണവും സഹകരണത്തിലധിഷ്ഠിതവുമായ ബന്ധമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ ഉൾപ്പെടെ സമാധാനപൂർണമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്' ഷഹബാസ് ഷരീഫ് ട്വീറ്റ് ചെയ്തു.
'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാനുണ്ടായിട്ടുള്ള നഷ്ടങ്ങളും സഹനങ്ങളും എല്ലാവർക്കും അറിവുള്ളതാണ്. നമുക്ക് സമാധാനം കൊണ്ടുവരാം. നമ്മുടെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിൽ ശ്രദ്ധയൂന്നാം' ഷഹബാസ് കുറിച്ചു.
നേരത്തെ, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഷഹബാസ് ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഭീകരതയ്ക്ക് ഇടമില്ലാത്ത, സമാധാനവും സ്ഥിരതയുള്ള പ്രദേശമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമേ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂ എന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുൻപേയുള്ള പ്രസംഗത്തിൽ തന്നെ ഷഹബാസ് ഷരീഫ് കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. പ്രത്യേക പദവി റദ്ദാക്കിയപ്പോൾ ഇമ്രാൻ ഖാൻ ഗൗരവപൂർണമായ നയതന്ത്ര ഇടപെടൽ നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിലും കശ്മീർ പ്രശ്‌നം പരിഹരിക്കാതെ അതു സാധ്യമാവില്ല. വിഷയം എല്ലാ രാജ്യാന്തര വേദികളിലും ഉന്നയിക്കും. യുഎൻ മാനദണ്ഡങ്ങൾ പാലിച്ചു തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവരണമെന്നും ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടിരുന്നു.




