ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള അരമണിക്കൂറായി വെട്ടിച്ചുരുക്കി യോഗി സർക്കാർ. ഔദ്യോഗിക വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ തീരുമാനം അറിയിച്ചത്. അരമണിക്കൂറിൽ കൂടുതൽ ലഞ്ച് ബ്രേക്ക് നീണ്ടു പോകരുത് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓഫീസുകളുടെ സേവനത്തെ ബാധിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥർ ഉച്ചഭക്ഷണ ഇടവേള വളരെ അധികം സമയത്തേക്ക് എടുക്കുന്നതായി തനിക്ക് പരാതി ലഭിച്ചെന്ന് ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിൽ 1.30ന് ലഞ്ച് ബ്രേക്കിന് പോകുന്ന പല സർക്കാർ ഉദ്യോഗസ്ഥരും തിരികെയെത്തുന്നത് 3.30നും നാലുമണിക്കും ഒക്കെയാണെന്ന്. മുതിർന്ന ഉദ്യോഗസ്ഥർ പോലും ഇത്തരത്തിലാണ് പെരുമാറുന്നത്. ഈ പതിവ് മാറ്റി സർക്കാർ ഓഫീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് യുപി സർക്കാരിന്റെ നീക്കം.