വാഷിങ്ടൺ: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച അമേരിക്കൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. റഷ്യയിൽനിന്ന് ഇന്ത്യ ഒരു മാസം വാങ്ങുന്ന ഇന്ധനം, യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനത്തേക്കാൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ നിങ്ങൾ അങ്ങോട്ടാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും പറഞ്ഞു.

ഇന്ത്യ അമേരിക്ക 2പ്ലസ് ടു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയവരും സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

'നിങ്ങൾ എണ്ണ വാങ്ങുന്നതിനെപ്പറ്റി പരാമർശിച്ചത് ഞാൻ ശ്രദ്ധിച്ചു. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നോക്കുകയാണെങ്കിൽ, നിങ്ങളുടെ ശ്രദ്ധ യൂറോപ്പിൽ കേന്ദ്രീകരിക്കണമെന്നാണ് ഞാൻ നിർദ്ദേശിക്കുന്നത്. ഞങ്ങളുടെ ഊർജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങൾ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങൾ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാൾ കുറവായിരിക്കും', ജയശങ്കർ പറഞ്ഞു.

ഇതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇതിനിടെ ജയശങ്കറിനെ അഭിനന്ദിച്ചുകൊണ്ട് ശിവസേന രംഗത്തെത്തി. ജയശങ്കറിന്റെ മറുപടി വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി 'സൂപ്പർ' എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.