കണ്ണൂർ: കണ്ണൂർ സൗത്ത്- കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടെയിൽ റെയിൽവേ പാളത്തിന് സമീപം വലിയ ഗർത്തം കണ്ടെത്തിയ സംഭവത്തിൽ റെയിൽവെ അധികൃതർ ഇന്ന് അന്വേഷണമാരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാളത്തിന് സമീപമാണ് ഗർത്തം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വൻദുരന്തമൊഴിവായത്. എന്നാൽ സംഭവത്തിന് പിന്നിലെ അട്ടിമറി സാധ്യത റെയിൽവേ തള്ളിക്കളഞ്ഞിട്ടുണ്ട്. വാട്ടർ അഥോറിറ്റി പൈപ്പ് ഇടാനിട്ട കുഴിയിടിഞ്ഞതാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.

തിങ്കളാഴ്‌ച്ച രാവിലെ 12 മണിയോടെ തന്നെ പൊലീസും റെയിൽവെ പി.ഡബ്ള്യൂ. ഐ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് കല്ലുകൾഉറപ്പിച്ചു ട്രെയിൻ കടന്നു പോകാനുള്ള സൗകര്യമൊരുക്കിയിരുന്നു. റെയിൽവെ എൻജിനീയറിങ് വിഭാഗം സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചൊവ്വാഴ്‌ച്ച പുലർച്ചയോടെ വേഗം കുറച്ച് പാളത്തിലൂടെ ട്രെയിനുകൾ കടത്തിവിടുകയും ചെയ്തു. ഇവിടെ കാവലിനായി പൊലിസുകാരെയും നിയോഗിച്ചിട്ടുണ്ട്.