ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പതിനഞ്ചുപേർ പീഡിപ്പിച്ച സംഭവത്തിൽ ഇരയുടെ അമ്മ അറസ്റ്റിൽ. പീഡനം അമ്മയുടെ അറിവോടെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ആശുപത്രിയിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 15 പേർ പീഡിപ്പിച്ചു എന്നാണ് കേസ്.

തൊടുപുഴ സ്വദേശിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കണ്ടെത്തൽ. ഇരുവർക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. പെൺകുട്ടിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയെ ചോദ്യം ചെയ്യും.

റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഉടനെ നൽകും. സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് ബേബിയെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. റാക്കറ്റിലെ വമ്പന്മാരെ കണ്ടെത്താനും ബേബിയുടെ സഹായം വേണം. ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികം പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ ആറ് പേരെ പിടികൂടി. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഗർഭിണിയായതോടെയായിരുന്നു പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടി ഗർഭിണിയായ കാര്യം ആദ്യം അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെൺകുട്ടി പ്രായപൂർത്തിയായെന്നും അമ്മ ഡോക്ടറോട് കള്ളം പറഞ്ഞു.

പെൺകുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്തമായ ഉത്തരം നൽകാനാവുക ബേബിക്കെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്.

പതിനഞ്ചു വയസ്സു മുതൽ കുട്ടി പീഡനത്തിന് ഇരയായി. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് മുഖ്യപ്രതി. ഇയാൾ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേർക്ക് കാഴ്ച വെക്കുകയുമായിരുന്നു.സംഭവത്തിൽ ബേബി അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് എഫ്‌ഐആർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. കുട്ടിയുടെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവർക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

അതിനിടെ, പെൺകുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ വെച്ച് ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.

പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഒരു വർഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരുന്നു. തുടർന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരൻ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്. കേസിൽ ബേബിയെക്കൂടാതെ, പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.