ഉഡുപ്പി: ഉഡുപ്പിയിലെ ലോഡ്ജിൽ ബിജെപി നേതാവായ കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ഗ്രാമവികസനമന്ത്രി കെ.എസ് ഇശ്വരപ്പയെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസ്. കരാറുകാരനായ സന്തോഷ് കെ പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്.

സന്തോഷ് പാട്ടീലിന്റെ സഹോദരൻ പ്രശാന്ത് പാട്ടീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രി ഈശ്വരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റുമാരായ രമേഷ്, ബസവരാജ് എന്നിവരെ കേസിലെ രണ്ടും മൂന്നും പ്രതികളാക്കി. തന്റെ മരണത്തിനുത്തരവാദികൾ മന്ത്രി ഈശ്വരപ്പയും സഹായികളുമാണെന്ന് പരാമർശിക്കുന്ന സന്തോഷിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

പ്രശാന്ത് പാട്ടീലിന്റെ പരാതിയിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. മന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കുന്നതുവരെ സന്തോഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാട് കുടുംബം സ്വീകരിച്ചു. ഇതേ തുടർന്നാണ് മന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുത്തത്. മന്ത്രി ഈശ്വരപ്പയുടെ പേഴ്‌സണൽ അസിസ്റ്റന്റുമാരായ ബസവരാജിനെയും രമേശിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു

ഹിൻഡലഗ വില്ലേജിൽ സന്തോഷ് പാട്ടിൽ 4 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്തിരുന്നു. സന്തോഷ് തന്റെ പണം പദ്ധതിക്കായി നിക്ഷേപിച്ചിരുന്നു. എന്നാൽ ഈ പ്രവൃത്തിയുടെ ബില്ല് പാസാക്കാതെയും 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടും സന്തോഷിനെ കടുത്ത സാമ്പത്തിക പ്രയാസത്തിലാക്കിയതാണ് ആത്മഹത്യക്ക് ഇടവരുത്തിയത്.