തിരുവനന്തപുരം: ലൗജിഹാദ് എന്ന വാക്കുകൊണ്ട് എന്താണോ സംഘ് പരിവാർ വിവക്ഷിക്കുന്നത് അത് കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർഥ്യമാണെന്ന് സിപിഎമ്മും അംഗീകരിക്കുന്നുവെന്നത് സത്യമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

ഇത് സിപിഎമ്മിന്റെ പാർട്ടി രേഖകളിൽ കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അത് പാർട്ടി തലത്തിൽ സർക്കുലേറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് കൃത്യമായി വിശദീകരിക്കുന്നുണ്ട്. കേവലം നാക്കുപിഴയല്ല എന്നുറപ്പാണെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

ജോർജ്. എം. തോമസ് നടത്തിയ പരാമർശം നാക്കുപിഴയായി തള്ളാനോ ഡിവൈഎഫ്ഐ തള്ളിപ്പറഞ്ഞു എന്നതുകൊണ്ട് വിഷയം അവസാനിപ്പിക്കാനോ ആവില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും ചൂണ്ടിക്കാട്ടി. പാർട്ടി രേഖ ഉദ്ധരിച്ചു കൊണ്ടാണ് സംഘ്പരിവാർ പ്രചരണമായ ലൗ ജിഹാദ് ഇവിടെ ഉണ്ടെന്ന് ജോർജ് സമർഥിച്ചിട്ടുള്ളതെന്നും പി.കെ ഫിറോസ് പറഞ്ഞു.