ലക്നൗ: തോക്ക് കൈവശം വച്ചതിന് അദ്ധ്യാപികയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. ഫിറോസാബാദിലെ സ്‌കൂൾ ടീച്ചറായ കരിഷ്മ സിങ് യാദവാണ് പിടിയിലായത്.

മെയ്ൻപുരിയിൽ ഇന്നലെയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് അദ്ധ്യാപികയുടെ കൈയിൽ നിന്ന് തോക്ക് പിടിച്ചെടുത്തത്.

ചില ജോലികളുടെ ഭാഗമായി മെയ്ൻപുരിയിൽ എത്തിയതാണ് കരിഷ്മ എന്നാണ് പൊലീസ് പറയുന്നത്. കൈവശം തോക്കുമായി അദ്ധ്യാപിക യാത്ര ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അദ്ധ്യാപികയെ പൊലീസുകാരി പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോക്കറ്റിൽ നിന്ന് തോക്ക് പിടിച്ചെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആയുധം കൈവശം വച്ചതിന് അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തതായും ചോദ്യം ചെയ്ത് വരികയാണെന്നും മെയ്ൻപുരി എസ്‌പി അജയ് കുമാർ പറഞ്ഞു.