കൊച്ചി: കടക്കെണിയും വിലത്തകർച്ചയും ഉദ്യോഗസ്ഥ പീഡനവും ഭരണസംവിധാനങ്ങളുടെ കർഷകവിരുദ്ധ സമീപനവുംമൂലം കേരളത്തിൽ കർഷക ആത്മഹത്യകൾ നിരന്തരം പെരുകുമ്പോൾ സർക്കാർ നിഷ്‌ക്രിയരായി നിന്ന് ഒളിച്ചോട്ടം നടത്തുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

സംസ്ഥാനത്തെ കർഷകരെ സംരക്ഷിക്കുവാൻ സാധിക്കാത്തവർക്ക് കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധതയ്ക്കെതിരെ ശബ്ദിക്കുവാൻ അവകാശമില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സർഫാസി നിയമം മറയാക്കി ബാങ്കുകൾ കർഷകന്റെമേൽ സംഹാരതാണ്ഡവമാടുമ്പോഴും സർക്കാർ നിശബ്ദസമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന കേരളബാങ്കും കർഷകരെ നിരന്തരം ദ്രോഹിക്കുന്നു. കൃഷിനാശം സംഭവിച്ചവർക്കുള്ള ധനസഹായവും സർക്കാർ പ്രഖ്യാപനങ്ങളിൽമാത്രം ഒതുങ്ങി. കർഷകരെ മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ട് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കടംവാങ്ങി ശമ്പളം നൽകാൻ മാത്രമായി സംസ്ഥാന ഭരണസംവിധാനങ്ങൾ അധഃപതിച്ചിരിക്കുന്നത് ദുഃഖകരവും ജനാധിപത്യസമൂഹത്തിന് അപമാനകരവുമാണ്.

കേരളത്തിലെ ഗ്രാമീണ കർഷകരിൽ 95 ശതമാനവും കടക്കെണിയിലാണെന്ന് സാമ്പത്തിക സർവ്വേയും കാർഷിക കടാശ്വാസകമ്മീഷന്റെ റിപ്പോർട്ടുകളും വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയ നാളുകളിൽ സംസ്ഥാനത്ത് കടക്കെണിയും ഉദ്യോഗസ്ഥ പീഡനവുംമൂലം 25 കർഷകർ ജീവൻവെടിഞ്ഞുവെന്ന് ക്രൈം റിക്കാർഡ്സ് ബ്യൂറോയും പറയുന്നു. വന്യജീവി അക്രമത്തിൽ മരണപ്പെട്ടവർ നൂറിലേറെ. ജപ്തി ഭീഷണി മുഴക്കി അന്നം തരുന്ന ഗ്രാമീണ കർഷകനെ മരണത്തിലേയ്ക്ക് തള്ളിവിടുന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർ തയ്യാറാകണമെന്നും കർഷകനിഷേധ നിലപാടുകൾക്കും വിരുദ്ധ സമീപനങ്ങൾക്കുമെതിരെ കർഷകരും കർഷകപ്രസ്ഥാനങ്ങളും സംഘടിച്ചു നീങ്ങണമെന്നും വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.