ന്യൂഡൽഹി: നടി സോനം കപൂറിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികളായ നഴ്സും ഭർത്താവും അറസ്റ്റിൽ. ഫെബ്രുവരിയിൽ സ്വർണവും പണവും അടക്കം 2.4 കോടി മൂല്യമുള്ളവയാണ് അപഹരിക്കപ്പെട്ടത്.

സോനത്തിന്റെ ഭർതൃമാതാവിന്റെ സഹായിയായ അപർണ റൂത്ത് വിൽസൺ, ഭർത്താവും ഷകർപുരിലെ സ്വകാര്യകമ്പനിയിലെ അക്കൗണ്ടന്റുമായ നരേഷ് കുമാർ സാഗർ എന്നിവരാണ് പൊലീസ് പിടിയിലായത്. ഫെബ്രുവരി 11-ന് നടന്ന സംഭവത്തിൽ അതേമാസം 23-നാണ് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

ഡെൽഹി പൊലീസ് ക്രൈം ബ്രാഞ്ചും ഡൽഹി സ്പെഷ്യൽ സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും സരിത വിഹാറിൽ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് അപർണയും ഭർത്താവും പിടിയിലായത്. എന്നാൽ മോഷണമുതൽ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണം നടക്കുന്നുണ്ടെന്നും നടിയുടെ അമൃത ഷെർഗിൽ മാർഗിലെ വീട്ടിലുള്ളവരെ മുഴുവൻ ചോദ്യം ചെയ്തുകഴിഞ്ഞതായും പൊലീസ് അറിയിച്ചു.

തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഡൽഹി സ്പെഷ്യൽ സ്റ്റാഫ് ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ ക്രൈം ബ്രാഞ്ചും ഇതേ കേസ് അന്വേഷിക്കുന്നുണ്ട്.