ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ അന്വേഷണവുമായി പാക്കിസ്ഥാൻ അന്വേഷണ ഏജൻസി. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് സർക്കാരിന് കൈമാറുന്നതിന് പകരം ഒരു ജൂവലറിക്ക് വിറ്റു എന്ന കേസിലാണ് അന്വേഷണം.

ഭരണാധികാരികൾക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ ഉപഹാരങ്ങൾ സർക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടം. എന്നാൽ ഈ നെക്ലേസ് ഇമ്രാൻ ഖാൻ സ്പെഷൽ അസിസ്റ്റന്റ് സുൽഫികർ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജൂവലറിക്ക് 18 കോടി രൂപയ്ക്ക് വിൽക്കുകയുമായിരുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഉപഹാരങ്ങൾ പകുതി പണം അടച്ചാൽ ഭരണാധികാരിക്ക് സ്വന്തമാക്കാം. എന്നാൽ ഇമ്രാൻ ഖാൻ ഇത്തരത്തിൽ പകുതി പണം അടക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അഴിമതി, സാമ്പത്തിക ദുർഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാർച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാർട്ടികൾ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 2018-ലാണ് ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.