- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂർച്ചയേറിയ ആയുധവുമായി സഹോദരന്റെ വീട്ടിലെത്തി; ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം കൂട്ടക്കൊല; ഒഡീഷയിലെ കട്ടക്കിൽ വെട്ടിക്കൊന്നത് അഞ്ചംഗ കുടുംബത്തെ; കുറ്റം സമ്മതിച്ച് വീഡിയോ സന്ദേശം; പ്രതി കീഴടങ്ങി
ഭുവനേശ്വർ: വസ്തുതർക്കത്തിന്റെ പേരിൽ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി കുറ്റസമ്മത വീഡിയോ പുറത്തുവിട്ട ശേഷം പൊലീസിന് മുന്നിൽ കീഴടങ്ങി. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ കുസ്പുർ ഗ്രാമത്തിലെ ശിബപ്രസാദ് സാഹുവാണ് ജ്യേഷ്ഠൻ ആലേഖചന്ദ്ര സാഹു(46), ഇയാളുടെ ഭാര്യ രശ്മി രേഖ(41), മക്കളായ സ്മൃതി സന്ധ്യ(19), സ്മൃതി സാഹിൽ(18), സ്മൃതി ഗൗരവ്(16) എന്നിവരെ കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതം നടത്തിയ പ്രതി, മണിക്കൂറുകൾക്കുള്ളിൽ അയൽ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ശിബപ്രസാദ് സാഹു ജ്യേഷ്ഠനെയും കുടുംബത്തെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധവുമായി ജ്യേഷ്ഠന്റെ വീട്ടിലെത്തിയ പ്രതി, ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം ഇവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് കടന്നുകളഞ്ഞ ശിബപ്രസാദ് കുറ്റം സമ്മതിച്ച് ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. 'എന്റെ മൂത്തസഹോദരനും കുടുംബവും ദീർഘകാലമായി എന്നെ ദ്രോഹിക്കുകയാണ്. ഞങ്ങളുടെ ഭൂമി തർക്കത്തിൽ അയാൾ എന്നെ ആക്രമിച്ചു. ഇത് എന്നെ വിഷമിപ്പിച്ചു. എന്റെ നിയന്ത്രണം നഷ്ടമായി. എന്റെ സഹോദരനെയും അയാളുടെ കുടുംബത്തെയും ഞാൻ തുടച്ചുനീക്കി. നിയമത്തിന്റെ എന്ത് നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്', എന്നാണ് വീഡിയോ സന്ദേശത്തിൽ പ്രതി പറഞ്ഞിരുന്നത്. ഈ വീഡിയോ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പ്രതി അയൽജില്ലയായ ജജ്പുരിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അഞ്ചുപേരുടെയും മൃതദേഹങ്ങൾ ഒരുമുറിയിലാണ് കണ്ടെത്തിയത്. ആലേഖചന്ദ്ര സാഹുവിന്റെയും രശ്മിയുടെയും മൃതദേഹങ്ങൾ പല കഷണങ്ങളായി വെട്ടിനുറുക്കിയ നിലയിലായിരുന്നു. വീട്ടിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
പലചരക്ക് കച്ചവടക്കാരനായ ജ്യേഷ്ഠനും ലോറി ഡ്രൈവറായ പ്രതിയും ഒരേ ഗ്രാമത്തിൽ രണ്ട് വീടുകളിലായാണ് താമസം. ഇരുവർക്കുമിടയിൽ കാലങ്ങളായി വസ്തുതർക്കം നിലനിന്നിരുന്നു. ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്തെച്ചൊല്ലിയാണ് ഇരുവർക്കുമിടയിൽ അവകാശതർക്കമുണ്ടായിരുന്നത്.
ഭൂമി സംബന്ധിച്ച തർക്കമുണ്ടായിരുന്നെങ്കിലും ശിബപ്രസാദ് ഇടയ്ക്കിടെ ജ്യേഷ്ഠന്റെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയും പ്രതി ജ്യേഷ്ഠന്റെ വീട്ടിലെത്തി. തുടർന്ന് വീട്ടിലുള്ളവർക്ക് ഇവരറിയാതെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നാണ് പൊലീസിന്റെ നിഗമനം. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഉറങ്ങിപ്പോയതോട ഓരോരുത്തരെയും പ്രതി വെട്ടിക്കൊല്ലുകയായിരുന്നു.




