തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ച് സർക്കാർ. ശമ്പളം ഉടൻ തന്നെ വിതരണം ചെയ്യും. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ സിഐടിയുസി - എഐടിയുസി സംഘടനകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.

ഈ മാസം 28-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സിഐടിയു അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ഗതാഗതമന്ത്രി പാലിച്ചില്ലെന്ന് വിമർശിച്ചിരുന്നു. പണിമുടക്കിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ് നൽകിയത്. സമരം ചെയ്താൻ പൈസ വരുമോ എന്നായിരുന്നു പണിമുടക്ക് പ്രഖ്യാപനത്തെക്കുറിച്ചുള്ള ഗതാഗതമന്ത്രിയുടെ പ്രതികരണം.

കെഎസ്ഇബി വിവാദങ്ങൾക്കിടയിൽ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിലും കടുത്ത പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനസർക്കാർ. ഒരു വശത്തുകൊട്ടിഘോഷിച്ച് കെ സ്വിഫ്റ്റ് നടപ്പാക്കിയപ്പോൾ മറുവശത്ത് 13-ാം തിയ്യതി ആയിട്ടും ശമ്പളം നൽകാത്തതാണ് യൂണിയനുകൾ സമരം പ്രഖ്യാപിക്കാൻ കാരണം.

ഇടത് സംഘടനകൾ തന്നെയാണ് മന്ത്രിയെയും കെഎസ്ആർടിസി മാനേജ്‌മെന്റിനെയും രൂക്ഷമായി വിമർശിച്ച് സമരത്തിനിറങ്ങുന്നത്. കെ സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സിഐടിയു കുറ്റപ്പെടുത്തുന്നു.