തലശ്ശേരി: റെയിൽവെ സ്റ്റേഷനിൽ നിന്ന് 44 കുപ്പി വിദേശമദ്യം പിടികൂടി. 21 ലിറ്റർ ഗോവൻ മദ്യം, ഡൽഹി സംസ്ഥാനത്തു മാത്രം വിൽപ്പനക്കായുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യം തുടങ്ങിയവയാണ് എക്സൈസും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

തലശ്ശേരി റെയിൽവെ സ്റ്റേഷനിലെരണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് 44 കുപ്പികളിലായി 29. 250 ലിറ്റർ വിവിധ ഇനം മദ്യം പിടികൂടിയത്. 21 ലിറ്റർ ഗോവൻ മദ്യവും, ഫെനിയും 3.750 ലിറ്റർ മഹരാഷ്ട്ര സംസ്ഥാനത്ത് മാത്രം വിൽപ്പനക്കുള്ള വൈൻ, 4.5 ലിറ്റർ ഡൽഹി സംസ്ഥാനത്തു മാത്രം വിൽപ്പനക്കായുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് കണ്ടെടുത്തത്.

സംഭവത്തിൽ അബ്കാരി ആക്ട് പ്രകാരം എക്സൈസ് കേസെടുത്തു. വിഷു ആഘോഷം ലക്ഷ്യമിട്ട് ട്രെയിൻ വഴി കേരളത്തിലെത്തിച്ചതാവാം ഇതെന്നും പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നു കണ്ടെത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് പുറമെ പ്രിവന്റീവ് ഓഫിസർ കെ വി റാഫി , സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ് ,ജിജീഷ് , വിഷ്ണു,എന്നിവരും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ലെ സബ്ബ് ഇൻസ്പെക്ടർ അജയ് കോൺസ്റ്റബിൾ റിബേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.