ന്യൂഡൽഹി: രാജ്യത്തെ മറ്റേതൊരു സർവകലാശാലയേയും പോലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലുമുള്ളത് ദേശസ്നേഹികളാണെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്. രാമനവമി ദിനത്തിൽ സർവകലാശാലയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

ജെഎൻയുവിൽ ഇടതുപക്ഷത്തിനു മാത്രമല്ല, എല്ലാവർക്കും പഠിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനുമുള്ള ഇടമുണ്ട്. ജെഎൻയു ദേശസ്നേഹികളുടേതാണ്. രാമനവമി ആഘോഷങ്ങൾക്കിടെ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും വികാരങ്ങൾ യുക്തിവാദത്തിനു മേൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നും അവർ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രശ്നങ്ങളിൽ പങ്കാളികളായ ഇരുവിഭാഗം വിദ്യാർത്ഥികളുമായും ചർച്ചനടത്തുകയും അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വിദ്യാർത്ഥികൾ എല്ലാത്തരത്തിലുമുള്ള അചാരങ്ങളുടേയും ഭാഗമാകണം. കാരണം ഞാൻ നാനാത്വത്തിലും വ്യത്യസ്തതയിലുമാണ് വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം, ശാന്തിശ്രീ പറഞ്ഞു.

ഇവിടെ വ്യത്യസ്ത ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യ ആഖ്യാനം മാത്രമല്ല വേണ്ടത്. ഇന്ത്യയിൽ കാര്യങ്ങൾ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ടെന്നും ശാന്തിശ്രീ പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

എന്റെ അഭിപ്രായങ്ങളോട് യോജിക്കാൻ സാധിക്കാത്തവരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാ ആഖ്യാനങ്ങൾക്കും ഇവിടെ ഇടമുണ്ടെന്ന് ഒരു വൈസ് ചാൻസ്ലർ എന്ന നിലയിൽ എനിക്ക് ഉറപ്പ് നൽകാനാകും. ആധുനിക ഇന്ത്യ കെട്ടിപ്പെടുത്ത മഹത്തായ സ്ഥാപനങ്ങളിലൊന്നാണ് ജെഎൻയു. മാറ്റത്തിനനുസരിച്ചു മുന്നോട്ടു പോകേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഞങ്ങൾ സാർവലൗകികരാണ് പക്ഷേ, അതിനേക്കാൾ ദേശസ്നേഹികളാണെന്നും ശാന്തിശ്രീ പറഞ്ഞു.

എന്നോട് അഭിപ്രായ വ്യത്യാസമുള്ള ചിലരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാവർക്കും അവിടെ ഇടമുണ്ടെന്ന് എനിക്ക് ഉറപ്പു നൽകാനാകുമെന്നും വിസി പറഞ്ഞു.

ദേശീയ താത്പര്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിച്ച് അപകീർത്തിപ്പെടുത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുസ്വഭാവം. മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുത്വവാദത്തിന്റെ പേരുപറഞ്ഞ് ദേശീയ വിദ്യാഭ്യാസ നയത്തെ ഇവർ എതിർക്കുകയാണ്.

എന്നാൽ, പരിവർത്തനത്തിനും പരിഷ്‌കരണത്തിനും പ്രാപ്തമായ സമൂഹത്തെ സൃഷ്ടിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു സാധിക്കുമെന്ന് അവർ പറഞ്ഞു. ഇടത് അദ്ധ്യാപക സംഘടനകൾ സംഘടിച്ച് ഇതിനെ എതിർക്കാനും ദേശീയ വിദ്യാഭ്യാസ നയത്തെ അനുകുലിക്കുന്നവരെ ഒറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം സ്ത്രീകൾക്കും പുരുഷന്മാർക്കം തുല്യ പ്രാധാന്യം നല്കുന്നു. ഒറ്റപ്പെടുത്തലുകളിൽ നിന്ന് നമ്മുടെ ദേശീയ താല്പര്യങ്ങളെ സംരക്ഷിക്കാൻ സ്ത്രീകൾ കൂടുതൽ മുന്നോട്ടു വരണം.

ജെഎൻയുവിൽ കാലാകാലങ്ങളിൽ ഇടതുസംഘടനകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള നിയമനങ്ങളും വിദ്യാഭ്യാസ രീതികളുമാണ് നടന്നിട്ടുള്ളത്. ഇന്ന് ജെഎൻയു മാറ്റത്തിന്റെ പാതയിലാണ്. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഠിപ്പിച്ചുകൊണ്ടിരുന്നത് അന്ധമായി അനുകരിക്കാൻ മാത്രമായിരുന്നു. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഹിന്ദിമേഖലയ്ക്കു പുറത്തുനിന്ന് ഒരു വനിത ജെഎൻയുവിന്റെ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടത് താനാണെന്നും കൂടുതൽ വനിതകൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിലേക്ക് നിയോഗിക്കപ്പെടണമെന്നും അവർ പറഞ്ഞു.