വാഷിങ്ടൺ: ശതകോടീശ്വരനായ ഇലോൺ മസ്‌ക് ട്വിറ്ററിന് വില പറഞ്ഞു. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇടം നിരസിച്ചതിന് പിന്നാലെയാണ് 41.39 ബില്യൻ ഡോളറിന്( മൂന്നുലക്ഷം കോടി) ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന വാഗ്ദാനം അദ്ദേഹം മുന്നോട്ടുവച്ചത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സേചേഞ്ച് കമ്മീഷൻ മുമ്പാകെയാണ് 50 കാരനായ മസ്‌ക് വാഗ്ദാനം മുന്നോട്ടുവച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിരക്കിൽ ട്വിറ്റർ ഏറ്റെടുക്കാമെന്നാണ് മസ്‌കിന്റെ വാഗ്ദാനം. ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ ചെയർമാൻ ബ്രട്ട് ടെയ്ലറിനും മസ്‌ക് കത്തയച്ചിട്ടുണ്ട്.

തന്റെ വാഗ്ദാനം ഏറ്റവും മികച്ചതും അന്തിമവും ആണെന്നും അതംഗീകരിച്ചില്ലെങ്കിൽ ഓഹരി പങ്കാളിത്തം ഒഴിയുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. കമ്പനിക്ക് അത്യസാധാരണമായ സാധ്യതകൾ ഉണ്ട്. താൻ ആ സാധ്യതകൾ തേടും. ഇപ്പോഴത്തെ നിലയിൽ ട്വിറ്റർ പുരോഗമിക്കില്ലെന്നും, ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ട്വിറ്ററിന്റെ 9 ശതമാനം ഓഹരികൾ മസ്‌കിന്റെ സ്ഥാപനമായ ടെസ്ല സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിന്റെ ബോർഡിലേക്കുള്ള വാഗ്ദാനം അദ്ദേഹം നിരസിക്കുകയും ചെയ്തു. ബോർഡിൽ അംഗമായാൽ കമ്പനി ഏറ്റെടുക്കുന്നതിന് തടസം നേരിട്ടേക്കാം എന്നതിനാലാകാം വാഗ്ദാനം നിരസിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം വിപണിയിൽ ട്വിറ്ററിന്റെ ഓഹരി വില 12 ശതമാനം ഉയർന്നതായാണ് റിപ്പോർട്ടുകൾ.

ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് അംഗമാകില്ലെന്ന് വ്യക്തമാക്കി ട്വിറ്റർ സിഇഒ. പരാഗ് അഗ്രവാൾ ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ നിയമിതനാകുമെന്ന് അഗ്രവാൾ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ചുമതലയിൽനിന്നു മാറി നിൽക്കാനാണ് ഇലോൺ മസ്‌കിന്റെ തീരുമാനമെന്ന് പിന്നീട് അഗർവാൾ അറിയിച്ചു.

'പരിശോധനകളുടെയും ഔദ്യോഗിക അംഗീകാരത്തിന്റേയും അടിസ്ഥാനത്തിൽ ഇലോൺ മസ്‌ക് ബോർഡ് അംഗമായി നിയമതിനാകുമെന്ന് ചൊവ്വാഴ്ച ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് രാവിലെ തന്നെ ബോർഡിൽ അംഗമാകുന്നില്ലെന്ന് മസ്‌ക് അറിയിച്ചു.' അഗർവാൾ പറഞ്ഞു.

ഇലോൺ മസ്‌ക് ട്വിറ്റിന്റെ ഓഹരി സ്വന്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് ആ വിവരം പുറത്തുവന്നത്. 289 കോടി ഡോളർ മൂല്യമുള്ള ഓഹരിയാണ് സ്വന്തമാക്കിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇലോൺ മസ്‌ക് ട്വിറ്ററുമായി ബന്ധപ്പെട്ട ചില ട്വീറ്റുകൾ പങ്കുവെക്കുകയും അവ ചർച്ചയാവുകയും ചെയ്തിരുന്നു.

ട്വിറ്ററിൽ എഡിറ്റ് ബട്ടൻ വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞും, ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നുണ്ടോ എന്നുമെല്ലാം ചോദിച്ച് മസ്‌ക് തുറന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോ ആസ്ഥാനം അഗതികളുടെ അഭയസ്ഥാനം ആക്കുന്നതിനുള്ള സാധ്യതയും അദ്ദേഹം ആരാഞ്ഞു. ട്വിറ്റർ പേരിൽ നിന്ന് ഡബ്ല്യു നീക്കം ചെയ്യുന്നതിനെ കുറിച്ച് വരെ ചർച്ച നടന്നു.

അതേസമയം, ഇലോൺ മസ്‌ക് ബോർഡ് അംഗമാകുന്നതിനെതിരെ ട്വിറ്റർ ജീവനക്കാരിലും മറ്റുള്ളവരിലും പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ട്രംപിനെ വിലക്കിയതുൾപ്പടെയുള്ള നടപടികൾ പിൻവലിക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾക്ക് ഇലോൺ മസ്‌ക് തന്റെ അധികാരം വിനിയോഗിച്ചേക്കാമെന്ന ആശങ്ക ഉയർന്നു.

ട്വിറ്ററിൽ 9.2 ശതമാനം ഓഹരിയാണ് ഇലോൺ മസ്‌കിന് സ്വന്തമായുള്ളത്. വാൻഗാർഡ് ഗ്രൂപ്പ് (8.4%) മോർഗൻ സ്റ്റാൻലി (8.1%), ബ്ലാക്ക് റോക്ക് (4.6%), സ്റ്റേറ്റ് സ്ട്രീറ്റ് കോർപ്പ് (4.5%), അരിസ്റ്റോട്ടിൽ കാപ്പിറ്റൽ മാനേജ്മെന്റ് (2.5%) എന്നിവരും കമ്പനിയിലെ പ്രധാന പങ്കാളികളാണ്.
ട്വിറ്ററിന്റെ സ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസിക്ക് 2.25 % ഓഹരിയാണ് കമ്പനിയിലുള്ളത്. അദ്ദേഹത്തെ കൂടാതെ എആർകെ ഇൻവെസ്റ്റ് മെന്റ് മാനേജ് മെന്റ്(2.2%), ഫിഡിലിറ്റി മാനേജ്മെന്റ് ആൻഡ് റിസർച്ച് (2.1) എന്നിവരും പ്രധാന ഓഹരി ഉടമകളാണ്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)