കണ്ണൂർ: പള്ളിക്കുന്ന് സഹകരണ ബാങ്കിൽ നിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ഇതുവരെയുള്ള ആനുകൂല്യങ്ങൾ നൽകാനും ലേബർ കോടതി വിധി. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കമെന്നാണ് ഉത്തരവ്. ഇല്ലെങ്കിൽ ബാങ്ക് ജപ്തിചെയ്തു പണം വസൂലാക്കണമെന്നാണ് ലോബർ കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് പള്ളിക്കുന്നിലേത്. നേരത്തെ കെ.സുധാകരനുമായി തെറ്റി കോൺഗ്രസിൽ നിന്നും വിട്ടുപോവുകയും ഇടതു പിൻതുണയോടെ കണ്ണൂർഡെപ്യൂട്ടി മേയറാവുകയും പിന്നീട് കോൺഗ്രസിലേക്ക് മടങ്ങുകയും ചെയ്ത പി.കെ രാഗേഷിന്റെ നേതൃത്വത്തിലാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്.

മുസ്ലിം ലീഗ് പ്രവർത്തകരടങ്ങുന്ന ജീവനക്കാരെ ഭരണസമിതി പിരിച്ചുവിട്ടുതാണ് കോൺഗ്രസിൽ കലാപം സൃഷ്ടിച്ചത്. ഇപ്പോൾ ബാങ്കിൽ നിന്നും പിരിച്ചുവിട്ടവർക്ക് അനുകൂലമായി വിധിയുണ്ടായത് കോൺഗ്രസിൽ അടങ്ങിയിരിക്കുന്ന ഗ്രൂപ്പ്പോര് വീണ്ടും ആളിക്കത്തിക്കുമെന്നാണ് സൂചന.

കോൺഗ്രസിലേക്ക് മടങ്ങിവന്ന പി.കെ രാഗേഷ് ഇപ്പോൾ ആലിങ്കൽ വാർഡിലെ യു.ഡി. എഫ് കൗൺസിലറാണ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി ഇടഞ്ഞാണ് പി.കെ രാജേഷ് കോൺഗ്രസ് വിട്ടത്. ഇതോടെ കോൺഗ്രസ് ശക്തി കേന്ദ്രമായ പള്ളിക്കുന്നിൽ പാർട്ടി സംഘടനാ സംവിധാനവും ദുർബലമായി. എന്നാൽ അന്നത്തെ ഡി.സി.സി അധ്യക്ഷനായിരുന്ന സതീശൻ പാച്ചേനിയുടെ ഇടപെടലോടെയാണ് രാഗേഷ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങാനുള്ള കളമൊരുങ്ങിയത്.

വിമതനായി ജയിച്ച രാഗേഷിന്റെ പിൻതുണയോടെയാണ് സി.പി. എം കണ്ണൂർ കോർപറേഷന്റെ പ്രഥമ ഭരണം പിടിച്ചെടുത്തത്. രണ്ടരവർഷത്തിനു ശേഷം രാഗേഷ് ചേരിമാറിയതോടെ ഭരണവും നിലം പൊത്തുകയായിരുന്നു. ഇതിനു ശേഷം കോൺഗ്രസിലെ സുമാബാലകൃഷ്ണൻ മേയറായി ചുമതലയേറ്റു. പിന്നീട് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തിയെങ്കിലും ഒരിക്കൽ മറുകണ്ടം ചാടിയ രാഗേഷിനെ ഭരണപാടവുമുണ്ടായിട്ടും മേയറാക്കാൻ കോൺഗ്രസ് തയ്യാറായില്ല.