- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി നഗരത്തിൽ വീട്ടുപകരണങ്ങൾ അടിച്ചു തകർത്ത് കവർച്ച; രണ്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് വീട്ടുടമ; അന്വേഷണം തുടങ്ങി

തലശേരി: തലശേരി നഗരത്തിലെ മഞ്ഞോടിയിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയുടെ വീട്ടിൽ ഉപകരണങ്ങൾ അടിച്ചു തകർത്ത് മോഷണം നടത്തി. തലശേരിയിലെ പ്രമുഖ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനമായ കെ.എം.എസിന്റെ ഉടമ എ.വി.രണദേവിന്റെ മഞ്ഞോടി കണ്ണിച്ചിറ റോഡിലുള്ള ശ്രീരാഗം വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
രണദേവും ഭാര്യയും വീട് അടച്ച് യു.എസിലുള്ള മകളുടെ വീട്ടിൽ പോയ അവസരത്തിലാണ് സംഭവം . വീട് ശ്രദ്ധിക്കാൻ മരുമകനെ ചുമതലപ്പെടുത്തി കഴിഞ്ഞ മാസം 21 ന് അമേരിക്കയിലേക്ക് പോയ ദമ്പതികൾ കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടയിലാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത് .

വീട്ടിലെത്തിയപ്പോഴാണ് യുദ്ധക്കള സമാനമായി തകർന്ന മുറികളും ഉപകരണങ്ങളും കാണപ്പെട്ടത്. മോഷ്ടാക്കൾ വീടിനകത്തുണ്ടായിരുന്ന അലമാരകളും മറ്റു സാധനങ്ങളും മുഴുവൻ അടിച്ചുതകർത്തത് പൊലിസിനെ വഴിതെറ്റിക്കാനാണോയെന്ന സംശയമുയർന്നിട്ടുണ്ട്. സി സി ടി വി യുടെ കണക്ഷനുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചതിന് ശേഷം മുൻവാതിൽ തകർത്ത് കവർച്ചക്കാർ അകത്ത് കടന്ന് കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർക്കുകയായിരുന്നു.
വീടിനകത്തും പുറത്തുമുള്ള ശുചി മുറികളും വാഷ്ബേസിനുകളും ക്ലോസെററും തകർത്തിട്ടുണ്ട്. പുറത്തെ നവീന രീതിയിലുള്ള വാഷ്ബേസിൽ ഇളക്കിയെടുത്തുകൊണ്ടുപോയി. മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ പുറത്ത് വലിച്ചെറിഞ്ഞു. വിലകൂടിയ അലമാരകൾ വിദേശത്തുള്ള മക്കൾ ഉപയോഗിക്കുന്നതാണ്.
ഒറ്റനോട്ടത്തിൽ രണ്ട് വലിയ ഉരുളികളും ഒരു ലാപ്ടോപ്പുമാണ് കാണാതായിട്ടുള്ളതെന്ന് രണദേവ് പറഞ്ഞു. വീട്ടിനകത്ത് തകർക്കപ്പെട്ടതിന് മാത്രം ഏതാണ്ട് രണ്ട് ലക്ഷം രൂപ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തലശ്ശേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരുംസ്ഥലത്തെത്തി പരിശോധന നടത്തി.


