അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ പുനർനിർമ്മാണം റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കി. ഈ വിമാനത്താവളത്തിന്റെ പരിപാലന ചുമതല അദാനി ഗ്രൂപ്പിനാണ്. 3.5 കിലോമീറ്റർ വരുന്ന റൺവേയുടെ ഉപരിതലം പൂർണമായി ശരിയാക്കിയെടുക്കാൻ 75 ദിവസം മാത്രമാണ് വേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചു. 600 ഓളം പേർ ഇതിനായി വിവിധ ഘട്ടങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഗുജറാത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം. കൊറോണയ്ക്ക് മുൻപ് ദിവസവും 200 ലധികം വിമാനങ്ങളായിരുന്നു ഇവിടെ ഓപ്പറേറ്റ് ചെയ്തിരുന്നത്. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ വിമാനസർവ്വീസിനെയോ ബാധിക്കാതെയായിരുന്നു റൺവേയുടെ അറ്റകുറ്റപ്പണി നടത്തിയത്.

ദിവസവും ഒൻപത് മണിക്കൂറാണ് അറ്റകുറ്റപ്പണിക്കായി വിനിയോഗിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ബാക്കി 15 മണിക്കൂറിൽ 160 ഓളം വിമാനങ്ങൾ ഇതേ റൺവേ ഉപയോഗിച്ചിരുന്നതായും കമ്പനി വിശദീകരിച്ചു.

2021 നവംബറിൽ തുടങ്ങി 200 ദിവസങ്ങൾക്കുള്ളിൽ റീകാർപ്പെറ്റിങ് പൂർത്തിയാക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. നിർമ്മാണ ജോലികൾക്കാവശ്യമായ മനുഷ്യവിഭവശേഷി വർദ്ധിപ്പിച്ച് 90 ദിവസമായി പിന്നീട് ലക്ഷ്യം പുനക്രമീകരിക്കുകയായിരുന്നു. ഇതാണ് 75 ദിവസം കൊണ്ട് പൂർത്തിയാക്കിയത്.