മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ നോർത്ത് നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം. ജയശ്രീ ജാദവ് 18,800 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്.

ജയശ്രീ 96,226 വോട്ടുകൾ നേടിയപ്പോൾ 77,426 വോട്ടുകളാണ് സത്യജിത്ത് കദമിന് ലഭിച്ചത്. ഭരണ സഖ്യമായ ശിവസേന, എൻ.സി.പി, കോൺഗ്രസ് മഹാ വികാസ് അഗാഡിയുടെ നേട്ടമായാണ് ജയശ്രീയുടെ വിജയത്തെ കാണുന്നത്.

ശിവസേനയുടെ തട്ടകമായിരുന്ന കോലാപ്പുർ നോർത്ത് മണ്ഡലം ചന്ദ്രകാന്ത് ജാദവിലൂടെ 2019ൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് ബിജെപിക്കെതിരെ മഹാ വികാസ് അഗാഡി രൂപപ്പെട്ടത്. ചന്ദ്രകാന്ത് ജാദവ് കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചന്ദ്രകാന്തിന്റെ വിധവയാണ് ജയശ്രീ.