- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ കുടുംബത്തിന് ഒരു നഷ്ടമുണ്ടായി; ഇനിയൊരു കുടുംബത്തിനും അതുണ്ടാകരുത്'; തിരിച്ചടി ആവശ്യപ്പെട്ടിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ലെന്ന് സഞ്ജിത്തിന്റെ കുടുംബം; കാർ ദുരുപയോഗം ചെയ്ത വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും സഹോദരൻ ശരത്ത്
പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതകത്തിന് തിരിച്ചടി ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സഹോദരൻ ശരത്ത്. സഞ്ജിത്തിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് തങ്ങൾ ഇപ്പോഴും മോചിതരായിട്ടില്ല. കാർ ദുരുപയോഗം ചെയ്ത വിവരം മാധ്യമങ്ങളിലൂടെ അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയണം.
ഒരു ദുഃഖം പോലും താങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ആ സമയത്ത് വീണ്ടും ഞങ്ങളെ ഇടപെടീക്കുന്നത് പോലെയുണ്ട്. നിയമപരമായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കും. ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത് മരിച്ച ശേഷം കൂട്ടാളികളെ ആശ്വസിപ്പിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും കുടുംബം പ്രതികരിച്ചു.
'കുടുംബം തിരിച്ചടി ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കലുമില്ല. അമ്മയും അച്ഛനും തിരുപ്പൂരിലുള്ള എന്റെ കുടുംബവും സഞ്ജിത് മരണപ്പെട്ടപ്പോൾ തന്നെ ഇനി ഇതുപോലൊരു ദുഃഖം കുടുംബം അനുഭവിക്കാൻ പാടില്ലെന്ന നിലപാടാണ് എടുത്തത്. സംഭവിച്ചുപോയി. എന്റെ അനിയൻ ഞങ്ങളിൽ നിന്ന് പോയി. ഞങ്ങൾക്കുണ്ടായ ദുഃഖം ഇനിയൊരു കുടുംബത്തിന് സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ഫാമിലിയുടെ നിലപാട്,' കുടുംബത്തിലെ എല്ലാവരും ബിജെപി അനുഭാവികളാണെങ്കിലും സജീവമായുണ്ടായിരുന്നത് സൻജിത്ത് മാത്രമായിരുന്നെന്നും ശരത്ത് പറഞ്ഞു.
'സഞ്ജിത്തിന്റെ മരണ സമയത്ത് അവനുമായി ബന്ധമുണ്ടായിരുന്നവരോടെല്ലാം ഞാനും അച്ഛനും അമ്മയും എല്ലാവരും പറഞ്ഞത് 'ഞങ്ങളുടെ കുടുംബത്തിന് ഒരു നഷ്ടമുണ്ടായി, എന്റെ അനിയൻ മരണപ്പെട്ടു, പക്ഷെ, ഇനിയൊരു കുടുംബത്തിനും അതുണ്ടാകരുത്. തിരിച്ചടിക്കാൻ പോകരുത്. ഈ ദുഃഖം ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല. തിരിച്ച് അവരുടെ കുടുംബത്തിനും അത് സംഭവിക്കും,' എന്നാണ്,' സഞ്ജിത്തിന് മാത്രമാണ് ഭീഷണിയുണ്ടായിരുന്നതെന്നും ശരത്ത് കൂട്ടിച്ചേർത്തു.
'കാറിന്റെ കാര്യം ഞങ്ങൾക്ക് വ്യക്തമായിട്ട് അറിയില്ല. സഞ്ജിത് മരിക്കുന്നതിന് ഒന്നര മാസം മുൻപ് ഈ കാർ കേടാണെന്ന് പറഞ്ഞ് വർക് ഷോപ്പിലാക്കിയിരുന്നു. അതിന് ശേഷമാണ് സഞ്ജിത്ത് കാറിൽ പോകാതെ ബൈക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ഭാര്യയുടെ പിതാവിന്റെ ബൈക്കാണ് ഉപയോഗിച്ചത്. സഞ്ജിത്ത് മരിച്ചതിന് ശേഷം ഞങ്ങൾ ആ കാറിനേക്കുറിച്ച് അന്വേഷിച്ചില്ല. കാർ ഇല്ല എന്നതായിരുന്നു ഞങ്ങളുടെ ധാരണ. കാറിന് എന്ത് സംഭവിച്ചു എന്നതിനേക്കുറിച്ച് കുടുംബത്തിന് യാതൊന്നും അറിയില്ല.
നിലവിൽ ആ കാർ ആരുടെ കൈയിലാണുള്ളതെന്ന് അറിയില്ല. അതിന്റെ അവസ്ഥയും അറിയില്ല. സഞ്ജു മരണപ്പെട്ടതിന് ശേഷം കാറിന്റെ കുടിശ്ശിക ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്ന് (ഫിനാൻസുകാർ) പറഞ്ഞിട്ടുണ്ടായിരുന്നു. ഏത് വർക്ഷോപ്പിലാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. കാറിന് കുറച്ച് പൈസ വേണമെന്നുള്ള രീതിയിൽ സഞ്ജിത്ത് പറഞ്ഞിരുന്നു. 25,000 രൂപ എന്നുള്ളത് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് വളരെ വലിയ തുകയാണ്. ആ സമയത്ത് അതുകൊടുക്കാനില്ലാത്തതുകൊണ്ട് ഞങ്ങൾ തിരിച്ചെടുക്കാതിരുന്നതാണ്.
കാർ തീർച്ചയായിട്ടും ദുരുപയോഗം ചെയ്തു. അതിൽ പരാതി കൊടുക്കണം. സഞ്ജിത്തിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് പോലും ഞങ്ങൾ മാറിയിട്ടില്ല. ഞങ്ങളുടെ കുടുംബത്തിൽ..ഒരു അനിയൻ മരിച്ചതിന്റെ ദുഃഖത്തിലിരിക്കുകയാണ് ഞങ്ങൾ. ആ സമയത്ത് വീണ്ടും ഞങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടാകുന്ന തരത്തിലാണ് സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതിന്റെ കാര്യങ്ങളും കാർ കണ്ടെത്തിയതും മാധ്യമങ്ങളിലൂടെ മാത്രമാണ് ഞങ്ങൾ അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയണം. കാരണം, ഒരു ദുഃഖം പോലും താങ്ങാൻ വയ്യാത്ത സാഹചര്യമാണ്. ആ സമയത്ത് വീണ്ടും നമ്മളെ ഇതിലേക്ക് ഇടപെടീക്കുന്ന പോലെയുണ്ട്. നിയമപരമായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കും.
കാർ ആര് കൊണ്ടുപോയി, എന്തിന് കൊണ്ടുപോയി എന്ന് അറിയണം. ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ ഒരു നടപടിയുണ്ടാകണം. സഞ്ജിത്തിന്റെ പേര് വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഞങ്ങൾക്കുള്ള സങ്കടം.
ഇതുവരെ ബിജെപി നേതാക്കൾ ബന്ധപ്പെട്ടിട്ടില്ല. എല്ലാം വാർത്തകളിലൂടെയാണ് അറിയുന്നത്. അച്ഛനേയും അമ്മയേയും വിളിച്ച് ഞാൻ സമാധാനപ്പെടുത്തി. ഏഴ് വർഷമായി ഞാൻ സംഘടനാരംഗത്തില്ല. കുടുംബത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. ബിജെപി അനുഭാവികളായിരുന്നു ഞങ്ങൾ. ഞങ്ങൾ സജീവമായിരുന്നില്ല. സഞ്ജീവ് മാത്രമാണ് സജീവമായി പ്രവർത്തിച്ചിരുന്നത്.
സഞ്ജിത്തിന്റെ മരണ സമയത്ത് അവനുമായി ബന്ധമുണ്ടായിരുന്നവരോടെല്ലാം ഞാനും അച്ഛനും അമ്മയും എല്ലാവരും പറഞ്ഞത് 'ഞങ്ങളുടെ കുടുംബത്തിന് ഒരു നഷ്ടമുണ്ടായി, എന്റെ അനിയൻ മരണപ്പെട്ടു, പക്ഷെ, ഇനിയൊരു കുടുംബത്തിനും അതുണ്ടാകരുത്. തിരിച്ചടിക്കാൻ പോകരുത്. ഈ ദുഃഖം ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല. തിരിച്ച് അവരുടെ കുടുംബത്തിനും അത് സംഭവിക്കും,' എന്നാണ്.
സഞ്ജിത്തിന് മാത്രമാണ് ഭീഷണിയുണ്ടായിരുന്നത്. അമ്മയുമായി ബന്ധപ്പെട്ട് ചിലതുണ്ടായിരുന്നു എന്നല്ലാതെ വേറെ പ്രശ്നമില്ല. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് സഞ്ജിത്ത് മാത്രമാണ് രാഷ്ട്രീയത്തിൽ സജീവമായിരുന്നത്. അതുകൊണ്ട് സഞ്ജിത് മരണപ്പെട്ടതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.'
മറുനാടന് മലയാളി ബ്യൂറോ