അഹമ്മദാബാദ്: തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വർഷത്തേക്ക് ആളുകൾ നാടൻ സാധനങ്ങൾ ഉപയോഗിച്ചാൽ രാജ്യത്തിന് തൊഴിലില്ലായ്മയുടെ പ്രശ്നം നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

''നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്നവ മാത്രം വാങ്ങാൻ ആളുകളെ പഠിപ്പിക്കാൻ രാജ്യത്തെ നേതാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. 'വോക്കൽ ഫോർ ലോക്കൽ' ആണ് കാര്യം. നമ്മുടെ ആളുകൾ ഉണ്ടാക്കിയ സാധനങ്ങൾ മാത്രമേ നമ്മുടെ വീടുകളിൽ ഉപയോഗിക്കാവൂ. ഇങ്ങനെ തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം സങ്കൽപ്പിച്ചുനോക്കൂ', അദ്ദേഹം പറഞ്ഞു.

''വിദേശ നിർമ്മിത വസ്തുക്കൾ നമുക്ക് ഇഷ്ടമായിരിക്കാം, പക്ഷെ അവയ്ക്ക് നമ്മുടെ നാടിന്റെ മണമോ നമ്മുടെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ സ്പർശമോ ഉണ്ടാകില്ല. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അടുത്ത 25 വർഷത്തിനകം തൊഴിലില്ലായ്മ ഇല്ലാതാവും, മോദി പറഞ്ഞു.

''ഇങ്ങനെ നിശ്ചലമായി തുടരാൻ ഇന്ത്യക്ക് കഴിയില്ല. ഉണർന്നിരിക്കുകയാണെങ്കിലും ഉറങ്ങുകയാണെങ്കിലും, നമ്മൾ എവിടെയായിരുന്നാലും നമുക്ക് ഇങ്ങനെ തുടരാനാവില്ല. എങ്ങനെ 'ആത്മനിർഭർ' ആകാമെന്ന് ലോകം മുഴുവൻ ചിന്തിക്കുന്ന തരത്തിലാണ് നിലവിലെ ആഗോള സാഹചര്യം,'' മോദി പറഞ്ഞു. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ വീഡിയോ ലിങ്ക് വഴി അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.