കീവ്: യുക്രെയ്‌നിന്റെ പടിഞ്ഞാറൻ മേഖലയിൽ റഷ്യൻ സേനയുടെ ശക്തമായ വ്യോമാക്രമണം. തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. മിസൈൽ ആക്രമണം ശക്തമായതിനാൽ ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.

വ്യാഴാഴ്ച കരിങ്കടൽ തീരത്തു റഷ്യൻ യുദ്ധക്കപ്പലായ മോസ്‌ക്വ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്‌നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്. ഈ കപ്പൽ യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ തകർന്നുവെന്നാണ് പറയുന്നത്. കപ്പലിലെ വെടിക്കോപ്പുകൾക്കു തീപിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്ൻ സേനയുടെ ആക്രമണത്തിലാണു കപ്പൽ മുങ്ങിയതെന്ന വാർത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വർഷത്തിനിടെ യുദ്ധത്തിൽ തകർന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്‌ക്വ. 16 ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുണ്ട്.

അതേസമയം റഷ്യൻസേന ഉപരോധിച്ചിരിക്കുന്ന കിഴക്കൻ തുറമുഖ നഗരമായ മരിയുപോൾ തിരിച്ചുപിടിക്കാൻ രൂക്ഷമായ പോരാട്ടം തുടരുന്നു. ഇവിടെ കൂട്ടക്കുഴിമാടങ്ങളിൽനിന്നു റഷ്യൻ സൈനികർ മൃതദേഹങ്ങൾ മാന്തിയെടുത്തു മാറ്റുന്നതായും റിപ്പോർട്ടുണ്ട്. എട്ടാം ആഴ്ചയിലേക്കു പ്രവേശിക്കുന്ന യുദ്ധത്തിൽ ഇതേവരെ 2,500-3,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. 19,000-20,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 1351 സൈനികർ കൊല്ലപ്പെട്ടെന്നാണു കഴിഞ്ഞ മാസം റഷ്യ അറിയിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ജനങ്ങളുടെ കണക്ക് ലഭ്യമല്ല. കഴിഞ്ഞ ദിവസം കീവ് നഗരാതിർത്തിയിൽ 900 മൃതദേഹങ്ങൾ കണ്ടെത്തിയെന്നു അധികൃതർ അറിയിച്ചു. എല്ലാവരെയും റഷ്യൻസേന വെടിവച്ചുകൊന്നതാണെന്നാണു റിപ്പോർട്ട്.

അതിനിടെ, കരിങ്കടലിലെ പ്രധാന തുറമുഖങ്ങൾ യുദ്ധം മൂലം അടഞ്ഞുകിടക്കുന്നതു തുടർന്നാൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയും അഭയാർഥിപ്രവാഹവും ഉണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസി മുന്നറിയിപ്പു നൽകി. പുറംലോകവുമായി ബന്ധമറ്റു യുക്രെയ്ൻ നഗരങ്ങളിൽ ഭക്ഷണം കിട്ടാതെ 10 ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നതായും 4 ദിവസത്തെ യുക്രെയ്ൻ സന്ദർശനത്തിനുശേഷം യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ ഡേവിഡ് ബീസ്ലി പ്രസ്താവിച്ചു.